24 December Tuesday

അക്ഷരജ്വാലകൾ പടരും അക്ഷരപ്പുരകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് റൂമിൽ ഒരുക്കിയ അക്ഷരപ്പുരയിൽനിന്ന് 
കുട്ടികൾ പുസ്തകമെടുക്കുന്നു

കരുനാഗപ്പള്ളി
ക്ലാസ്‌ റൂം പഠനപ്രക്രിയക്ക്‌ അപ്പുറം അറിവിന്റെ അക്ഷരജ്വാലകൾ ആളിപ്പടരാൻ ക്ലാസ്‌ മുറികളിൽ അക്ഷരപ്പുരകൾ ഒരുങ്ങി. ക്ലാസ്‌ മുറികളിൽ ഒരുക്കിയ ലൈബ്രറികളിൽ ആയിരത്തിഞ്ഞൂറിലധികം പുസ്തകങ്ങളും പുസ്തക അലമാരകളും സ്ഥാപിച്ച്‌ കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ്‌ മുറികളിലാണ്‌ അക്ഷരപ്പുരകൾ ഒരുങ്ങുന്നത്‌. പിടിഎയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഒരു ക്ലാസ് മുറിയിൽ അലമാരയും 150 പുസ്തകങ്ങളുമാണ് നൽകുക. ഒരു കുട്ടി ലൈബ്രേറിയനാകും. കുട്ടികൾക്ക് വായിക്കാനായി പുസ്തകം വീട്ടിൽ കൊണ്ടുപോകാം. ലൈബ്രേറിയൻ അവ രജിസ്റ്ററിൽ രേഖപ്പെടുത്തും. ഓരോ മാസവും വായിച്ച പുസ്തകങ്ങളെ സംബന്ധിച്ച് സംവാദങ്ങളും സംഘടിപ്പിക്കും. മികച്ച അവതരണം നടത്തുന്ന ആൾക്ക് സമ്മാനവും നൽകും. ക്ലാസ് ടീച്ചർമാർ പദ്ധതിയുടെ കൺവീനർമാരായി പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ ഹൈസ്കൂളിലെ ആറ്‌ ക്ലാസ് മുറികളിലും ഹയർസെക്കൻഡറിയിലെ നാല്‌ ക്ലാസ് മുറികളിലുമാണ്‌ അക്ഷരപ്പുര ഒരുക്കുന്നത്‌. 
പദ്ധതിയിലേക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ 300 പുസ്തകങ്ങൾ സംഭാവനയായി നൽകും. ബാലസാഹിത്യം കൂടാതെ നോവലുകൾ, കഥകൾ, കവിതകൾ, വൈജ്ഞാനിക സാഹിത്യം തുടങ്ങി എല്ലാമേഖലയിലുമുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പദ്ധതിക്ക് നേതൃത്വം കൊടുത്ത പിടിഎ പ്രസിഡന്റ്‌ ക്ലാപ്പന സുരേഷ് പറഞ്ഞു. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്ഘാടനംചെയ്‌തു. ക്ലാപ്പന സുരേഷ് അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ക്ലാസ് ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ കൈമാറി. സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജിങ്‌ കമ്മിറ്റി പ്രസിഡന്റ്‌  വി പി ജയപ്രകാശ് മേനോൻ, ജി മോഹനകുമാർ, എച്ച് എ സലാം, ഷിഹാബ് എസ് പൈനുംമൂട് , അനന്തൻപിള്ള, പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ഐ വീണാറാണി സ്വാഗതവും ഹെഡ്മിസ്ട്രസ് ടി സരിത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top