കൊല്ലം
വിനോദസഞ്ചാരരംഗത്ത് ജില്ലയുടെ അഭിമാന പദ്ധതിയായ കൊല്ലം ജൈവവൈവിധ്യ സർക്യൂട്ടിന് പുതുജീവൻ. ആശ്രാമത്തെ ബയോഡൈവേഴ്സിറ്റി പാർക്കിന്റെയും ലിങ്ക് റോഡിലെ മറീനയുടെയും നിർമാണം ഉടൻ തുടങ്ങും. റവന്യു വകുപ്പിന്റെ ഉൾപ്പെടെ അനുമതികൂടി കിട്ടിയാൽ പണി എത്രയുംവേഗം ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്റെ ശ്രമം. അതിനായി ഉടൻ യോഗം വിളിക്കും. മൂന്നുഘട്ടമായാണ് ബയോഡൈവേഴ്സിറ്റി സർക്യൂട്ട് വികസിപ്പിക്കുക. കൊല്ലം സർക്യൂട്ടിന്റെ ആദ്യഭാഗമാണ് ഇപ്പോൾ നിർമാണം തുടങ്ങുന്നത്. കൊട്ടാരക്കര, തെന്മല എന്നിവയാണ് മറ്റു സർക്യൂട്ടുകൾ.
നിലവിലുള്ള സൗകര്യങ്ങൾ പരിഷ്‌കരിക്കുന്നതിനും കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് അനുമതി. മൺറോതുരുത്തിലെ വിനോദസഞ്ചാര സൗകര്യങ്ങൾ വികസിപ്പിക്കും. കൊട്ടാരക്കര സർക്യൂട്ടിൽ മലകയറ്റ പരിശീലനകേന്ദ്രം സ്ഥാപിക്കും. കൊല്ലത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർക്യൂട്ട് വികസിപ്പിക്കുക. അഷ്ടമുടിക്കായൽ, തെന്മല ഇക്കോടൂറിസം, മലയോരങ്ങൾ, വന്യമൃഗസങ്കേതങ്ങൾ എന്നിവ സർക്യൂട്ടിന്റെ ഭാഗമാകും. അഷ്ടമുടി, മൺറോതുരുത്ത്, മീൻപിടിപ്പാറ, മരുതിമല, ജടായുപ്പാറ, അച്ചൻകോവിൽ എന്നിങ്ങനെ പത്തോളം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വികസനം. അഷ്ടമുടിക്കായലിന്റെ സൗന്ദര്യവും പ്രത്യേകതകളും രാജ്യാന്തര ശ്രദ്ധയിൽ കൊണ്ടുവരുന്ന വികസനമാണ് ഉദ്ദേശിക്കുന്നത്. അഷ്ടമുടിക്കായലിലെ എട്ടുമുടികളും പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിന് മ്യൂസിയം മാതൃകയിൽ ഇന്റർപ്രട്ടേഷൻ സെന്റർ തുടങ്ങും. ഡിജിറ്റലായും വിവരങ്ങൾ നൽകും. ലിങ്ക് റോഡിലുള്ള പുനർജനി പാർക്കിലാണ് മ്യൂസിയം നിർമിക്കുന്നത്. കൂടുതൽ ഹൗസ്ബോട്ടുകൾ അടുക്കുന്നതിന് മറീന വികസനമാണ് പദ്ധതിയിലെ മറ്റൊരു പ്രധാന ഭാഗം. ലിങ്ക് റോഡിനോടു ചേർന്നാണ് മറീന വികസിപ്പിക്കുക. 12 ഹൗസ് ബോട്ടുകൾ അടുക്കാൻ കഴിയുന്ന മറീനയുണ്ട്. ദേശീയ ജലപാതവികസനം പൂർത്തിയാകുമ്പോൾ കൂടുതൽ ഹൗസ് ബോട്ടുകൾ എത്തുമെന്ന കണക്കിലാണ് മറീന വികസിപ്പിക്കുന്നത്. അഷ്ടമുടിക്കായലിൽ 100 ഇരിപ്പിടങ്ങളോടുകൂടിയ ഫ്ലോട്ടിങ് റസ്‌റ്റോറന്റ് ആരംഭിക്കും. ലിങ്ക് റോഡിന്റെ സമീപപ്രദേശങ്ങൾ ഉൾപ്പെടുത്തി തീരത്ത് ബയോഡൈവേഴ്‌സിറ്റി നടപ്പാതയും ഒരുക്കും. അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവിടങ്ങൾ കൂടുതൽ ആകർഷകമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..