22 December Sunday

കോളേജിലെ സമാധാന അന്തരീക്ഷം 
പുനഃസ്ഥാപിക്കണം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024
പുനലൂർ
ശ്രീനാരായണ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രിൻസിപ്പലിന്റെയും റിട്ടേണിങ്‌ ഓഫീസറുടെയും ഒത്താശയോടെ നടത്തിയത് വ്യാപക ക്രമക്കേടെന്ന് എസ്എഫ്ഐ പുനലൂർ ഏരിയ കമ്മിറ്റി പ്രസ്ഥാവനയിൽ പറഞ്ഞു. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തിയ എഐഎസ്എഫ് ഈ വർഷം പ്രിൻസിപ്പലിനെയും റിട്ടേണിങ്‌ ഓഫീസറെയും കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. ഒന്നാംഘട്ട ക്ലാസ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പിനു ശേഷം ജനറൽ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ സമയപരിധിക്കുള്ളിൽതന്നെ എസ്എഫ്ഐ സ്ഥാനാർഥികൾ റിട്ടേണിങ്‌ ഓഫീസർക്ക് നൽകിയിരുന്നു. എന്നാൽ, എഐഎസ്എഫ് സ്ഥാനാർഥികളുടെ നോമിനേഷൻ കൃത്യസമയത്ത് നൽകാൻ കഴിഞ്ഞില്ല. നോമിനേഷനിലെ പിഴവ് അധ്യാപകർ ഇടപെട്ട് തിരുത്തുന്നത് ശ്രദ്ധയിൽപ്പെട്ട എസ്എഫ്ഐ പ്രതിനിധികൾ ഇത് ചോദ്യംചെയ്തു. നടപടികൾ പൂർത്തിയാകേണ്ട സമയത്തിനുശേഷം നോമിനേഷൻ വാങ്ങാൻ ശ്രമിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എസ്എഫ്ഐ പ്രതിനിധികൾ അറിയിച്ചപ്പോൾ പ്രിൻസിപ്പലും റിട്ടേണിങ്‌ ഓഫീസറും ചേർന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ ക്ലാസ് മുറിക്കുള്ളിൽ പൂട്ടിയിട്ടു. പ്രതിഷേധം കടുപ്പിച്ചപ്പോൾ എസ്എഫ്ഐ പ്രതിനിധികളെ പുറത്താക്കി തെരഞ്ഞെടുപ്പ് നടത്തുകയാണ് അധികൃതർ ചെയ്തത്. തുടർന്ന്‌ പുറത്തുനിന്നുള്ള എഐഎസ്എഫ് പ്രവർത്തകർ കോളേജിൽ എത്തി എസ്എഫ്ഐ സ്ഥാനാർഥികളെ ആക്രമിക്കുകയായിരുന്നു. 
ഡിഗ്രിക്ക് വർഷങ്ങൾക്കു മുമ്പ് പരാജയപ്പെട്ട ക്രിമിനൽ സ്വഭാവമുള്ളവരെ വിദ്യാർഥി രാഷ്ട്രീയം വളർത്താൻ അഡ്മിഷൻ നൽകി കയറ്റിയത് ഏതു സംഘടനയാണെന്ന് വിദ്യാർഥി സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കോളേജിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്ക്‌ പുനർപ്രവേശനം നൽകിയത് പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും ഒത്താശയോടെയാണ്. എന്നാൽ, അതേ അധ്യാപകരെ ഭീഷണിപ്പെടുത്തി ഹാജർ ഉൾപ്പെടെ ക്രമവിരുദ്ധമായി രേഖപ്പെടുത്തുകയും ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താൻ കോളേജ് താവളമാക്കുകയും ചെയ്യുകയാണ്. പുനഃപ്രവേശനംനേടി സംഘർഷം സൃഷ്ടിക്കുന്ന സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോളേജിന്റെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും എസ്എഫ്ഐ പുനലൂർ ഏരിയ പ്രസിഡന്റ്‌ മുനീഫ്, സെക്രട്ടറി സന്ദീപ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top