22 December Sunday

തോപ്പിൽഭാസിയുടെ നാടകങ്ങൾ പുതിയ കാലഘട്ടത്തെ സൃഷ്ടിച്ചു: എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

തോപ്പിൽഭാസി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന പരിപാടിയിൽ എം സ്വരാജ് മുഖ്യപ്രഭാഷണം നടത്തുന്നു

കരുനാഗപ്പള്ളി  
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ പുതിയ കാലഘട്ടത്തെ സൃഷ്ടിക്കുന്നതായിരുന്നുവെന്ന്‌ ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമിയും പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറവും ചേർന്ന് കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ പരമുപിള്ള എന്ന കഥാപാത്രം ചുവന്ന കൊടി ഉയർത്തിപ്പിടിച്ചപ്പോൾ അതിന്റെ പിന്നിൽ കേരളവും അണിനിരന്നു. ഈ നാടകം സമൂഹത്തിൽ ഉയർത്തി വിട്ട ചിന്തയുടെ സ്വാധീനത്തെ കുറച്ചുകാണാനാകില്ല. കേരളത്തിൽ ജന്മിത്വത്തിനും കമ്യൂണിസ്റ്റ് വേട്ടയാടലിനുമെതിരായി സാധാരണക്കാരായ മനുഷ്യന്റെ വികാരത്തെ രാഷ്ട്രീയ പരിവർത്തനത്തിന് ഇടയാക്കുന്നതിന് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ഉൾപ്പെടെയുള്ള നാടകങ്ങൾ സമാനമായ പങ്കാണ് വഹിച്ചത്. ലോകത്ത് എവിടെയും സാമൂഹ്യമാറ്റത്തിന് ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ കലാസാഹിത്യരംഗത്തുനിന്നു കണ്ടെടുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഡോ. വള്ളിക്കാവ് മോഹൻദാസ്, വി പി ജയപ്രകാശ്‌മേനോൻ, അഡ്വ. പി ബി ശിവൻ, വി വിജയകുമാർ എന്നിവർ പങ്കെടുത്തു. "തോപ്പിൽ ഭാസി: ദേശം വ്യക്തി വിചാരലോകം’ വിഷയത്തിൽ ശ്രീകുമാർ മുഖത്തല, ഡോ. സി ഉദയകല എന്നിവർ വിഷയാവതരണം നടത്തി. ഡോ. സാബു കോട്ടുക്കൽ അധ്യക്ഷനായി. ‘തോപ്പിൽ ഭാസിയും ചലച്ചിത്രലോകവും’  വിഷയത്തിൽ പ്രൊഫ. എ ജി ഒലീന, വി വിജയകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഡോ. ടി കെ സന്തോഷ്‌കുമാർ അധ്യക്ഷനായി. ‘തോപ്പിൽഭാസിയും കെപിഎസിയും ’ വിഷയത്തിൽ വി എസ് ബിന്ദു, ഇളവൂർ ശ്രീകുമാർ എന്നിവർ വിഷയാവതരണം നടത്തി. ഡോ. രാജു വള്ളികുന്നം അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top