21 November Thursday

അക്ഷരങ്ങൾക്ക് തിരിതെളിച്ച്

സുരേഷ്‌ വെട്ടുകാട്ട്‌Updated: Monday Oct 21, 2024
 
കരുനാഗപ്പള്ളി 
പഠിച്ചും വായിച്ചും മാത്രം അറിഞ്ഞ വി ടി ഭട്ടതിരിപ്പാട് എന്ന സാമൂഹ്യ പരിഷ്കർത്താവിനെയും അദ്ദേഹത്തിന്റെ കൃതികളെയും പുതുതലമുറയിലേക്ക് സന്നിവേശിപ്പിക്കാൻ നാടകം തയ്യാറാക്കി അവതരിപ്പിച്ച് ഗവേഷക വിദ്യാർഥികൾ. കാലടി സംസ്കൃത സർവകലാശാല മലയാള വിഭാഗം വിദ്യാർഥികളാണ് വി ടിയെ വീണ്ടും അരങ്ങിലെത്തിക്കുന്നത്‌. വി ടി ഭട്ടതിരിപ്പാടിന്റെ കൃതികളുടെ സ്വതന്ത്ര ആവിഷ്കാരം എന്ന നിലയിലാണ്  'അക്ഷരങ്ങൾക്ക് തിരി തെളിക്കുവിൻ' എന്ന നാടകം തയ്യാറാക്കിയിരിക്കുന്നത്. മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർവെ മലയാള നാടകവേദിയാണ് 23 മിനിറ്റ് ദൈർഘ്യമുള്ള നാടകത്തിന് രംഗഭാഷ്യമൊരുക്കുന്നത്. നിരവധി സ്കൂൾ, കോളേജ് ക്യാമ്പസുകളിൽ ഇതിനകം നാടകം അവതരിപ്പിച്ചു.  കഴിഞ്ഞദിവസം അഞ്ചൽ കോട്ടുക്കൽ, പന്മന സംസ്കൃത സർവകലാശാല ക്യാമ്പസ്, കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല തുടങ്ങിയ സ്ഥലങ്ങളിൽ നാടകം അവതരിപ്പിച്ചു. വി ടി ഭട്ടതിരിപ്പാട് സ്മാരകസമിതിയുമായി ബന്ധപ്പെട്ട് അവരുടെ അനുസ്മരണ ചടങ്ങിലാണ് ആദ്യമായി നാടകം അവതരിപ്പിച്ചത്‌. അമച്വർ നാടകത്തിൽ മൂന്നാം വർഷ ഗവേഷക വിദ്യാർഥി ദിവ്യ ദേവകിയാണ്  രചനയും സംവിധാനവും. മിഥുന ബാലകൃഷ്ണൻ, അനുപമ, ഗോകുൽ ഗോപൻ, അജന്യ, സീന, പ്രണവ് പൊന്മള, ശിവപ്രിയ, അശ്വനി കർക്കിടാക്കുന്ന്, ഹരിപ്രസാദ് എന്നിവരാണ് വിവിധ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. എല്ലാവരും പിഎച്ച്ഡി, പി ജി, യുജി വിദ്യാർഥികളാണ്. സ്വതന്ത്രമായ നാടകവിഷ്കാരങ്ങൾ നടത്തുകയും അതിലൂടെ തങ്ങൾക്ക് സമൂഹത്തിനോട് പറയാനും കലഹിക്കുവാനും ഉള്ളതെല്ലാം പാർവ്വ നാടകവേദിയിലൂടെ പങ്കുവയ്ക്കാനാണ് തുടർന്നും ലക്ഷ്യമിടുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top