കൊല്ലം
രാസഅപകടങ്ങൾ ഉണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാ അധികൃതർ. ഇതിനായുള്ള ജില്ലാ ക്രൈസിസ് ഗ്രൂപ്പ് യോഗം കലക്ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്നു. നിലവിലെ ഓഫ് സൈറ്റ് എമർജൻസി പ്ലാൻ പുതുക്കി അപകടങ്ങളെ നേരിടുന്നതിനും തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് തീരുമാനം. വ്യവസായശാലകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ജില്ലയിലൂടെ റോഡ് മാർഗവും റെയിൽ മാർഗവും കടന്നുപോകുന്ന രാസവസ്തുക്കൾ എന്നിവയുടെ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് നിലവിലുള്ള പ്ലാൻ പുതുക്കുക. ഇതിനായി അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യം, തദ്ദേശം, കൃഷി, മൃഗസംരക്ഷണം, ആർടിഒ, വാട്ടർ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, റെയിൽവേ, ബിഎസ്എൻഎൽ, ചവറ കെഎംഎംഎൽ, പാരിപ്പള്ളി ഇന്ത്യൻ ഓയിൽ ഇൻഡേൻ ബോട്ടിലിങ് പ്ലാന്റ് സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരോട് ജനുവരി 10നകം വിവരങ്ങൾ ലഭ്യമാക്കാൻ നിർദേശിച്ചു. അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ, ചോർച്ച ഉണ്ടായാൽ ഒഴിപ്പിക്കാനുള്ള മാർഗങ്ങൾ, അപകട സൈറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, അപകട തോത്, സ്വഭാവം, അത്യാഹിതങ്ങൾ നേരിടാനുള്ള കഴിവ്, ചികിത്സാ പ്രോട്ടോക്കോൾ, മരുന്നുകളുടെ ലഭ്യത, സന്നദ്ധ സംഘടനകൾ, വാഹന ലഭ്യത, പ്രത്യേക പരിശീലനം ലഭിച്ചവരുടെ വിവരങ്ങൾ, മോക്ക് ഡ്രിൽ നടത്തിപ്പ്, ദുരന്താവസ്ഥ വേഗത്തിലും കാര്യക്ഷമമായും നേരിടുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവ പ്ലാനിൽ വിശദീകരിക്കും. ഏപ്രിൽ 12ന് കൊട്ടാരക്കര പനവേലിയിൽ എൽപിജി ടാങ്കർ അപകടത്തിന്റെയും സെപ്‌തംബർ രണ്ടിന് കെഎംഎംഎൽ പ്ലാന്റിൽനിന്നു ടിക്കിൾ ചോർന്ന സംഭവത്തിന്റെയും സാഹചര്യത്തിലാണ് നീക്കം. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് പ്ലാൻ തയ്യാറാക്കുക. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടറാണ് ജില്ലാ ക്രൈസിസ് ഗ്രൂപ്പിന്റെ മെമ്പർ സെക്രട്ടറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..