കൊല്ലം
എല്ലാവഴികളും അഷ്ടമുടിയിലേക്ക്. ചാമ്പ്യൻസ് ബോട്ട് ലീഗ്, പ്രസിഡന്റ്‌സ് ട്രോഫികളിലെ ജലരാജാവാകാൻ അഷ്ടമുടിക്കായലിൽ അങ്കത്തിനിറങ്ങുക ഒമ്പതു ചുണ്ടന്മാർ. വിവിധ മത്സരങ്ങളിലായി ഒമ്പതു ചുണ്ടൻവള്ളവും 10 ചെറുവള്ളവുമാണ് പോരാട്ടത്തിനിറങ്ങുന്നത്. വെപ്പ് എ ഗ്രേഡ്–- 2, ഇരുട്ടുകുത്തി എ ഗ്രേഡ്– -2 , ഇരുട്ടുകുത്തി ബി ഗ്രേഡ്–- 3, വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളും അടക്കം 10 വള്ളമാണ് പങ്കെടുക്കുക. ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങൾ ആരംഭിക്കും. ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിന് മൂന്ന് ഹീറ്റ്സുകളുണ്ട്. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം.
കാരിച്ചാലോ വീയപുരമോ...
പ്രസിഡന്റ്സ് ട്രോഫിക്കുവേണ്ടി അഷ്ടമുടിയുടെ ഓളപ്പരപ്പിൽ നടക്കുന്ന വള്ളംകളിയായ സിബിഎൽ പരമ്പരയിലെ അവസാന മത്സരത്തിൽ തീപാറും. പുന്നമടക്കായലിൽ തുടങ്ങി വിവിധ ജില്ലകളിലൂടെ അഷ്ടമുടിക്കായലിൽ അവസാനിക്കുന്ന സിബിഎൽ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടനാണ് സിബിഎൽ ട്രോഫിയിൽ മുത്തമിടുക. ഇതുവരെയുള്ള മത്സരങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ആദ്യ രണ്ടുസ്ഥാനക്കാർ തമ്മിൽ രണ്ടു പോയിന്റുകളുടെ വ്യത്യാസം മാത്രമായതിനാൽ ശനിയാഴ്‌ച നടക്കുന്ന മത്സരത്തിന് തീപാറും. കോട്ടയം താഴത്തങ്ങാടി, ആലപ്പുഴ കൈനകരി, ചെങ്ങന്നൂർ പാണ്ടനാട്, ആലപ്പുഴ കരുവാറ്റ, കായംകുളം എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങളിൽനിന്നായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുഴയുന്ന കാരിച്ചാൽ ചുണ്ടൻ 49 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരത്തിന് 47 പോയിന്റാണ്. സിബിഎല്ലിലെ ഒരു മത്സരത്തിൽ ഒന്നാമതെത്തുന്ന ടീമിന് 10 പോയിന്റാണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് ഒമ്പതും മൂന്നാം സ്ഥാനക്കാർക്ക് എട്ടും പോയിന്റ് ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..