കൊല്ലം
പൊട്ടിയ പൈപ്പുകൾക്കു പകരം പുതിയ പൈപ്പുകളെ ബന്ധിപ്പിക്കാനുള്ള സ്‌റ്റെബ് എൻഡ് ശനിയാഴ്‌ച ഉച്ചയോടെ ചവറയിൽ എത്തിക്കും. വലിപ്പമുള്ള സ്‌റ്റെബ് എൻഡ് ചെന്നൈയിൽനിന്നു ചെറിയ വാഹനങ്ങളിൽ എത്തിക്കാൻ കഴിയാതെ വന്നിരുന്നു. ഇതേത്തുടർന്ന് ചെന്നൈയിൽനിന്നു നാഗർകോവിലിൽ എത്തിച്ച് അവിടെനിന്നു തിരുവനന്തപുരം വഴി കഴക്കൂട്ടത്തേക്കുള്ള ബസിൽ ആണ് സ്‌റ്റെബ് എൻഡ് എത്തിക്കുക എന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ശനി പുലർച്ചെ നാലിന് കഴക്കൂട്ടത്ത് എത്തിക്കുന്ന സ്‌റ്റെബ് എൻഡ് അവിടെനിന്നു ചവറയിൽ കൊണ്ടുവരും. ചവറയിൽ ജോയിന്റ് ചെയ്യുന്നതിനുള്ള പൈപ്പുകളെ വെൽഡ് ചെയ്യുന്ന ജോലി പൂർത്തീകരണത്തിലാണ്. ടിഎസ് കനാലിൽ വെള്ളത്തിന് അടിയിൽ സ്ഥാപിക്കുന്ന 630 എംഎം വ്യാസമുള്ള എച്ച്‌ഡിപിഇ (ഹൈഡൻസിറ്റി പോളി എഥ്‌ലിൻ) പൈപ്പുകളെ ദേശീയപാതയുടെ ഓരത്തുകൂടിയുള്ള 750 എംഎം വ്യാസമുള്ള കാസ്റ്റ് അയൺ പൈപ്പുമായി ബന്ധിപ്പിക്കുന്നത് സ്‌റ്റെബ് എൻഡ് ഉപയോഗിച്ചാണ്. ഞായർ രാത്രിയിലോ തിങ്കൾ രാവിലെയോ ജലവിതരണം പൂർണമായും പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജലഅതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ. അതിനിടെ ടിഎസ് കനാലിൽ തകർന്നുവീണ പൈപ്പുകൾ പൂർണമായും ക്രെയിൻ ഉപയോഗിച്ച് വെള്ളിയാഴ്‌ച കരയ്‌ക്കെത്തിച്ചു. ചെളിയിലും വെള്ളത്തിലുമായി പുതഞ്ഞുകിടന്ന പൈപ്പുകൾ പൊക്കിമാറ്റുക ഏറെ പ്രയാസകരമായി. ഇരുമ്പുപാലത്തിന്റെ അവശിഷ്ടങ്ങൾ ഇനിയും പുറത്തെടുക്കാനുണ്ട്. പൈപ്പുകൾ സ്ഥാപിക്കുന്നിനുള്ള ഡ്രഡ്‌ജിങ്ങും അവസാനഘട്ടത്തിലാണ്. ആറുമീറ്റർ നീളമുള്ള 19 പൈപ്പാണ് സ്ഥാപിക്കുന്നത്. പുതിയ പാലം സ്ഥാപിക്കുംവരെ ആണ് വെള്ളത്തിനടിയിൽ പൈപ്പ് ഇടുക. കഴിഞ്ഞ ഞായർ രാവിലെയാണ് ചവറ പാലത്തിനു സമീപം പൈപ്പ് ലൈൻ പൊട്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..