അഞ്ചൽ > പ്രകൃതിമനോഹാരിത കൊണ്ട് ആരെയും ആകർഷിക്കുന്ന മലമേല്‍ ടൂറിസം പ്രദേശം പാറകളാല്‍ സമ്പന്നമാണ്. ഇടമുളയ്‌ക്കൽ പഞ്ചായത്തിലെ അറയ്ക്കൽ വില്ലേജിലാണ് നയന മനോഹര കാഴ്ചകള്‍ ഒരുക്കുന്ന ഈ ടൂറിസം പ്രദേശം. സമുദ്ര നിരപ്പിൽനിന്ന് 584 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുകോടി ചെലവഴിച്ച് പാർക്ക്, കഫേറ്റിരിയ, സംരക്ഷണവേലി എന്നിവ സ്ഥാപിച്ച് മനോഹാരിത കൂട്ടിയിരിക്കുന്നു.
നാടുകാണിപ്പാറ, വിമാനപ്പാറ, ഗോളാന്തരപ്പാറ, കുടപ്പാറ എന്നിങ്ങനെ വിവിധ രൂപത്തിലുള്ള പാറകളും വിവിധയിനം സസ്യങ്ങളും പ്രദേശത്തിന്റെ പ്രത്യേകതയാണ്. നാടുകാണിപ്പാറയിൽനിന്നാൽ പടിഞ്ഞാറ് കൊല്ലം തങ്കശേരി വിളക്കുമരവും തെക്കുപടിഞ്ഞാറ് ചടയമംഗലം ജടായുപ്പാറയും കിഴക്ക് സഹ്യപർവത മലനിരകളും ആസ്വദിക്കാം. ടൂറിസം വകുപ്പിനു കൈമാറിയ 17 ഏക്കർ റവന്യു ഭൂമിയിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിയന്ത്രണത്തിൽ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
നാടുകാണിപ്പാറയിൽ ബൈനാക്കുലർ സ്റ്റേഷൻ നിർമാണം പുരോഗമിക്കുകയാണ്. ടൂറിസം പദ്ധതി പ്രദേശത്ത് പ്രവേശനത്തിന് 20 രൂപയാണ് ഫീസ്. പാറയുടെ മുകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന വാനരക്കൂട്ടം സഞ്ചാരികൾക്ക് കൗതുകമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം കൂറ്റൻ പാറക്കഷണങ്ങൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്.
മലമേലിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. ഇവിടെ ജൈവവൈവിധ്യ ടൂറിസം പദ്ധതിക്കും ഏറെ സാധ്യതയുണ്ട്. ‘ഒരു പഞ്ചായത്തിൽ ഒരു മൈതാനം' പദ്ധതിയുടെ ഭാഗമായി ഇടമുളയ്ക്കൽ പഞ്ചായത്ത് പൊതുമൈതാനം നിർമിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ടൂറിസം വികസനത്തിന്റെ ഭാഗമായി ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, നക്ഷത്രവനം, ജോഗിങ് പാത്ത്, റെയിൽ ഷെൽട്ടർ എന്നിവ പൂർത്തിയാക്കി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകും. ഓണം അവധി ദിവസങ്ങളിൽ ആയിരക്കണക്കിനു സഞ്ചാരികളാണ് മലമേലില്‍ എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..