കൊല്ലം
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി സംരംഭം തുടങ്ങാൻ ജില്ലയിൽ കുടുംബശ്രീ ഇതുവരെ നൽകിയത് 70ലക്ഷംരൂപ. 156 കുടുംബങ്ങൾക്ക് ഉപജീവനമാർഗം തുടങ്ങുവാനാണ് തുക കൈമാറിയത്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി ജില്ലയിൽ 67 സംരംഭങ്ങളാണ് തുടങ്ങേണ്ടിയിരുന്നത്. എന്നാൽ ആദ്യഘട്ടമായി 87 സംരംഭങ്ങൾ പ്രവർത്തനം ആരംഭിച്ചു. മറ്റിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സംരംഭ യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള നടപടി ഊർജിതമായി നടന്നുവരുന്നു.
സ്റ്റേഷനറി കട, കശുവണ്ടി സംസ്കരണ യൂണിറ്റ്, മെഴുകുതിരി നിർമാണം, പെട്ടിക്കട, ലോട്ടറി വിൽപ്പന, മുട്ടക്കോഴി വളർത്തൽ, ഗാർമെന്റ്സ്, സ്റ്റിച്ചിങ് യൂണിറ്റ്, അച്ചാർ യൂണിറ്റ്, തട്ടുകട, ക്ലീനിങ് ലോഷൻ നിർമാണം, പേപ്പർ ബാഗ് നിർമാണ യൂണിറ്റ് എന്നിവയാണ് തുടങ്ങിയത്. 50,000 രൂപ വരെയാണ് സഹായം ലഭ്യമാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ ഈ കുടുംബങ്ങളെ ദാരിദ്രത്തിൽനിന്നും മോചിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. കുടുംബശ്രീയുടെ ഉജ്ജീവനം ഉയരട്ടെ സ്വയം പര്യാപ്തതയിലേക്ക് ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി സൂക്ഷ്മതല പ്ലാനുകളിൽ ഉപജീവനം ആവശ്യമെന്ന് കണ്ടെത്തിയിട്ടുള്ള 444 കുടുംബങ്ങളിൽ സിഡിഎസുകളുടെ നേതൃത്വത്തിൽ ഓരോ വീടുകളും സന്ദർശിച്ച് നടത്തിയ പരിശോധനയിൽ 140 കുടുംബങ്ങളിൽ അടിയന്തിരമായി സഹായം ലഭ്യമാക്കണമെന്ന് കണ്ടെത്തിയിരുന്നു. അവരുൾപ്പെടെയുള്ള കുടുംബങ്ങൾക്കാണ് ഫണ്ട് ലഭ്യമാക്കിയത്. ശേഷിച്ച കുടുംബത്തിനുള്ള ഫണ്ട് ഉടൻ കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..