കൊല്ലം
‘എന്നെയും കൂടി ഒന്നു രക്ഷപ്പെടുത്തുമോ ചേട്ടാ...’ ദേവനന്ദയുടെ അവസാന വാക്കുകൾ ഇപ്പോഴും അഹമ്മദ് നിഹാലിന്റെ മനസ്സിനെ പിടിച്ചുലയ്ക്കുകയാണ്. കൈയകലത്തിൽ ദേവനന്ദയെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന നോവിൽ നീറുകയാണ് ഈ പ്ലസ് ടു വിദ്യാർഥി. മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കാൻ ശ്രമിക്കവെ ബുധൻ വൈകിട്ട് 4.30നാണ് മയ്യനാട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി ചാത്തന്നൂർ കോയിപ്പാട് വിളയിൽവീട്ടിൽ എ ദേവനന്ദ (16) നേത്രാവതി എക്സ്പ്രസ് തട്ടി മരിച്ചത്. ഈ സമയം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്നു ഉമയനല്ലൂർ പട്ടന്റഴികം നിഷാദിന്റെ മകൻ അഹമ്മദ് നിഹാലും സുഹൃത്തുക്കളായ സെയ്‌ദലി, ഇർഫാൻ, ഷാലു സെയ്‌ദ് എന്നിവരും.
ഇവർ പാളംമുറിച്ചുകടന്ന് രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറിയതിനു തൊട്ടുപിന്നിലായാണ് ദേവനന്ദയും കൂട്ടുകാരി ശ്രേയയും പാളത്തിലേക്ക് കടന്നത്. യാത്രക്കാരുടെ ബഹളംകേട്ട് തിരിഞ്ഞുനോക്കിയപ്പോൾ കൊല്ലം ഭാഗത്തുനിന്ന് ട്രെയിൻ വരുന്നതാണ് കണ്ടത്. അപ്പോൾ ട്രാക്കിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ശ്രമത്തിലായിരുന്നു പെൺകുട്ടികൾ. കാലിന്റെ ലിഗമെന്റിന് പരിക്കുണ്ടായിട്ടും ധൈര്യം സംഭരിച്ച് അവരെ രക്ഷിക്കാൻ നിഹാൽ കൈനീട്ടി. ശ്രേയയെയാണ് ആദ്യം പാളത്തിൽ നിന്ന് വലിച്ചുകയറ്റിയത്. തുടർന്ന് ദേവനന്ദയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ബാഗിന്റെ ഭാരംകാരണം സാധിച്ചില്ല. അപ്പോഴേക്കും ട്രെയിൻ പാഞ്ഞെത്തിക്കഴിഞ്ഞിരുന്നു. വിരൽതുമ്പിൽ നിന്ന് അവളെ മരണം തട്ടിയെടുക്കുന്നത് കാണേണ്ടിവന്നതിന്റെ ഞെട്ടലിലാണ് നിഹാൽ ഇപ്പോഴും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..