22 December Sunday

ആറിതൾപ്പൂവായി
ഡാലിയ വിടരും

സുരേഷ്‌ വെട്ടുകാട്ട്‌Updated: Tuesday Jul 23, 2024

ഡാലിയ ടീച്ചർ

 

 
കരുനാഗപ്പള്ളി 
എപ്പോഴും ചിരിക്കുന്ന മുഖവുമായി ചുറ്റുമുള്ളവർക്ക്‌ സ്‌നേഹം പകർന്ന ഡാലിയ ടീച്ചർ മരണത്തിനപ്പുറം അഞ്ചു മനുഷ്യരുടെ മുഖങ്ങളിൽ പുഞ്ചിരിയായി വിടരും. കരുനാഗപ്പള്ളി, കുഴിത്തുറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക മരുതൂർകുളങ്ങര തെക്ക് തുറയിൽകുന്ന് ദേവദത്തം (പടന്നയിൽ) വീട്ടിൽ ഡാലിയയെ മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനംചെയ്യാനുള്ള സന്നദ്ധത ബന്ധുക്കൾ അറിയിച്ചു. ഡാലിയയുടെ ഹൃദയം തിരുവനന്തപുരം സ്വദേശിയായ പന്ത്രണ്ടുകാരി അനിഷ്കയ്ക്ക് കഴിഞ്ഞദിവസം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു. ഡാലിയയുടെ സംസ്കാരച്ചടങ്ങുകൾക്കു മുമ്പ് ആ ഹൃദയം തുടിച്ചുതുടങ്ങി. കണ്ണുകളും മറ്റ്  ആന്തരികാവയവങ്ങളും അഞ്ചുപേർക്കു കൈമാറും. ഭർത്താവ് ശ്രീകുമാർ  അവയവദാനത്തിനായി സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി സമ്മതപത്രം നൽകി. 
അർബുദ രോഗികൾക്ക് മുടി മുറിച്ചുനൽകിയും ഒട്ടേറെ സേവന പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടവളായ അധ്യാപിക മരണത്തിനുശേഷവും ജീവിക്കണമെന്ന ബന്ധുക്കളുടെ ആഗ്രഹമാണ്‌ സഫലമാകുന്നത്‌. എപ്പോഴും പുഞ്ചിരിയോടെ മാത്രം കുട്ടികൾക്കും സഹപ്രവർത്തകർക്കും കാണാൻ കഴിയുമായിരുന്ന ഡാലിയ സ്കൂളിലെ പഠനേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നു. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ്‌ കഴിത്തുറ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഡാലിയക്ക്‌ ആദരാഞ്ജലിയർപ്പിക്കാൻ തടിച്ചുകൂടിയ വിദ്യാർഥികളും സഹപാഠികളും അധ്യാപകരും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. വൈകിട്ട്‌ അഞ്ചോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: ശ്രീകുമാർ (മേജർ ഇറിഗേഷൻ ഡിവിഷൻ, തിരുവനന്തപുരം), മക്കൾ: ശ്രീദേവൻ, ശ്രീദത്തൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top