കൊല്ലം
കൂറ്റൻ സൗരോർജ ഫാം നിർമിക്കാനൊരുങ്ങി കെഎംഎംഎൽ. 10 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അനെർട്ടിനാണ് നിർവഹണച്ചുമതല. ഇത് യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവുംവലിയ സോളാർ പദ്ധതിയാകും ഒരുങ്ങുക. കമ്പനിയുടെ തനതു ഫണ്ടിൽനിന്ന് 50 കോടി വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നീക്കം.
വൈദ്യുതി ചാർജിനത്തിൽ പ്രതിവർഷം എട്ട്–-ഒമ്പതുകോടി രൂപ ലാഭിക്കാമെന്നാണ് കണക്കുകൂട്ടൽ. അറബിക്കടലിനും ടിഎസ് കനാലിനും ഇടയിൽ എംഎസ് യൂണിറ്റിന് സമീപമുള്ള 30 ഏക്കറിലാണ് സോളാർ മോഡ്യൂൾ സ്ഥാപിക്കുക. ഖനന ഭൂമിയായ ഇവിടെ വെളുത്ത മണൽത്തരികളായതിനാൽ സൂര്യപ്രകാശം കൂടുതൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന സാഹചര്യം കണക്കിലെടുത്ത് പാനലുകളുടെ ഇരുപുറത്തുനിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവുന്ന ഡബിൾ റിഫ്ലക്‌ഷൻ മോഡ്യുളുകൾ സ്ഥാപിച്ചാകും ഉൽപ്പാദനം. 550 വാട്‌സ് മുതൽ 600വാട്‌സ് വരെ ശേഷിയുള്ള 18500 പാനൽ സ്ഥാപിക്കും. 25 വർഷം വരെ ആയുസ്സുള്ളവയാണ് സോളാർ മൊഡ്യൂളുകൾ.
കെഎസ്ഇബിയുടെ 110 കെവി ലൈനിൽ നിന്നാണ് ഇവിടെ വൈദ്യുതി ലഭിക്കുന്നത്. 500 കെവിഎ വീതം ശേഷിയുള്ള മൂന്ന് പവർ ട്രാൻസ്‌ഫോർമറുകൾ വഴിയാണ് ഉപഭോഗം. മെയ്‌മാസത്തെ വൈദ്യുതി ബില്ലനുസരിച്ച് കണക്റ്റഡ് ലോഡ്- 38,258 കിലോവാട്ട് ആണ്. പകൽ സമയം കമ്പനിയിലെ ഊർജ ഉപഭോഗം മണിക്കൂറിൽ 36,59,500കിലോവാട്ട് ആണ്. ഇതനുസരിച്ച് 2,19,57,000 രൂപയാണ് വൈദ്യതി ചാർജിനത്തിൽ അടയ്‌ക്കേണ്ടത്. ഐഎസ്‌ആർഒയുടെ സോളാർ കാൽക്കുലേറ്ററനുസരിച്ച് നിർദിഷ്ട പ്ലാന്റ് സ്ഥാപിക്കുന്ന പ്രദേശത്ത് മണിക്കൂറിൽ 1875 കിലോവാട്ട് വാർഷിക ഇൻസൊലേഷനാണുള്ളത് (സൗരവികിരണം). 2009 മുതൽ 2023 വരെയുള്ള പ്രതിമാസ ശരാശരിയുടെ അടിസ്ഥാനത്തിലാണിത്. ഈ വികിരണം പ്രയോജനപ്പെടുത്തുക വഴി മുതൽ മുടക്ക് ആറുവർഷം കൊണ്ട് തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..