22 November Friday

റഡാറിൽ ‘കൊല്ലം’ 
സിഗ്‌നൽ കിട്ടുമോ

സ്വന്തം ലേഖകൻUpdated: Tuesday Jul 23, 2024

 

 
കൊല്ലം
മോദി സർക്കാരിന്റെ ആദ്യ ബജറ്റ്‌ ചൊവ്വാഴ്‌ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുമ്പോൾ പ്രതീക്ഷയർപ്പിച്ച്‌ വീണ്ടും കൊല്ലം. കടൽ, കായൽ, കരിമണൽ, ദേശീയ ജലപാത, വനം, മലയോരം, ടൂറിസം, പൗരാണിക ചരിത്രം തുടങ്ങിയവ കൊല്ലത്തിന്റെ സമ്പത്താണ്‌. ഇവിടങ്ങളിൽ കേന്ദ്രസഹായവും പദ്ധതികളും വന്നാൽ പുതിയ നിക്ഷേപവും വ്യവസായ സംരംഭങ്ങൾക്കും തൊഴിൽ അവസരങ്ങൾക്കും വഴിതെളിക്കും. കരിമണൽ കേന്ദ്രീകരിച്ച്‌ പുതിയ വ്യവസായത്തിന്‌ വലിയ സാധ്യതയാണുള്ളത്‌. കൊല്ലം തുറമുഖം, അഷ്ടമുടിക്കായൽ, ശാസ്‌താംകോട്ട കായൽ എന്നിവ കേന്ദ്രീകരിച്ച്‌ ടൂറിസം രംഗത്ത്‌ പുതിയ പദ്ധതികൾക്കും അനുയോജ്യം. കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിന്‌ പ്രത്യേക പാക്കേജ്‌, അടച്ചുപൂട്ടിയ കൊല്ലം പാർവതി മില്ലിന്റെ സ്ഥലം സംസ്ഥാനത്തിന്‌ വിട്ടുനൽകൽ എന്നിവയിലും പ്രതീക്ഷയുണ്ട്‌. ചവറ ഐആർഇ, ഏരൂർ ഓയിൽപാം എന്നിവയിലും പുതിയ വ്യവസായ സംരംഭത്തിന്‌ സാധ്യതയുണ്ട്‌. കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ ചെന്നൈയ്‌ക്കും മലബാറിനും കൂടുതൽ ട്രെയിൻ, കൊല്ലം മെമു ഷെഡിന്റെ നീളംകൂട്ടൽ എന്നിവയിലും ജില്ല പ്രതീക്ഷയിലാണ്‌. മോദി സർക്കാരിന്റെ മുൻ ബജറ്റുകൾ കൊല്ലത്തിന്‌ നിരാശയാണ്‌ സമ്മാനിച്ചിട്ടുള്ളത്‌. തെന്മല ഇക്കോ ടൂറിസത്തിന്‌ നാളിതുവരെ കേന്ദ്രസഹായം ലഭിച്ചിട്ടില്ല. രാജ്യത്തെ ഒന്നാമത്തെയും ലോകത്തെ പതിമൂന്നാമത്തെയും ഇക്കോ ടൂറിസമാണ് തെന്മല.     
 
കോസ്റ്റൽ ഷിപ്പിങ്ങിൽ നാട്‌ കുതിക്കും... പക്ഷേ   
പൗരാണിക കൊല്ലത്തിന്റെ ആധുനിക മുഖമാണ്‌ തുറമുഖം. കോസ്റ്റൽ ഷിപ്പിങ്‌ കേന്ദ്രം പ്രോത്സാഹിപ്പിക്കുകയും ബജറ്റിൽ തുക വകയിരുത്തുകയും ചെയ്‌താൽ അതിന്റെ പ്രയോജനം കൊല്ലം തുറമുഖത്തിനും ലഭിക്കും. 2023ലെ ബജറ്റ്‌ ചർച്ചയ്‌ക്കിടെ കോസ്റ്റൽ ഷിപ്പിങ്‌ പ്രോത്സാഹിപ്പിക്കുമെന്ന്‌ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, തുക വകയിരുത്തിയില്ല. കടൽ ഗതാഗതം പ്രോത്സാഹിപ്പിച്ചാൽ റോഡിലൂടെയുള്ള ചരക്കുകടത്തിന്റെ ചെലവുകുറയും. 
 
ശ്രദ്ധിക്കൂ... കൊല്ലം –- ചെങ്കോട്ട പാത ഇപ്പോൾ ബ്രോഡ്‌ഗേജാണ്‌...  
കൊല്ലം– -ചെങ്കോട്ട ലൈനിൽ കൂടുതൽ വണ്ടി ഓടിക്കാൻ റെയിൽവേ തയ്യാറാകുന്നില്ല. കോടികൾ ചെലവഴിച്ച്‌ മീറ്റർഗേജ്‌ ബ്രോഡ്‌ഗേജാക്കിയിട്ടും കാത്തിരിപ്പ്‌ മാത്രം മിച്ചം. നിലവിൽ കൊല്ലം–- ചെന്നൈ റൂട്ടിൽ ഒരു ട്രെയിൻമാത്രം. കൊല്ലം–- ചെങ്കോട്ട പാതയിലും സ്റ്റേഷനുകളുടെ അടിസ്ഥാന വികസനം കാടുകയറിക്കിടപ്പാണ്‌. തിരുവനന്തപുരം–- എറണാകുളം ലൈനിൽ ചെറിയ സ്റ്റേഷനുകൾ അടിസ്ഥാനസൗകര്യ വികസനം ആവശ്യപ്പെടുകയാണ്‌. മൺറോതുരുത്തിൽ പ്ലാറ്റ്‌ഫോമുകൾ പുതുക്കിനിർമിച്ചെങ്കിലും നീളം കൂട്ടലും മേൽപ്പാലവും ഫയലിൽതന്നെ. പരവൂർ, മയ്യനാട്‌, പെരിനാട്‌, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിലും വികസനം വിദൂരമാണ്‌. 
 
കശുവണ്ടിയോട്‌ 
ഇത്തിരി കാരുണ്യം
കശുവണ്ടി പുനരുദ്ധാരണത്തിന്‌ പ്രത്യേക പാക്കേജ്‌ കേന്ദ്രബജറ്റിൽ പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട്‌ കാലമേറെയായി. വ്യവസായത്തിന്റെ നിലനിൽപ്പിന്‌ കേന്ദ്രത്തിന്റെ പ്രത്യേക സഹായം അനിവാര്യമാണ്‌. ഇറക്കുമതിച്ചുങ്കം പൂർണമായും എടുത്തുകളയണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം. എൻഡിഎ സർക്കാർ ആദ്യം 9.5 ശതമാനം ചുങ്കമാണ്‌ ഏർപ്പെടുത്തിയത്‌. കേരളത്തിന്റെ നിരന്തര ആവശ്യത്തെ തുടർന്ന്‌ ചുങ്കം 2.5 ആക്കി. ഇതുകൂടി ഒഴിവാക്കണമെന്നാണ്‌ ആവശ്യം. മറ്റു രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്‌. റബർ, സ്‌പൈസസ്‌, കോക്കനട്ട്‌ ബോർഡുകളുടെ മാതൃകയിൽ കാഷ്യൂ ബോർഡും രൂപീകരിക്കണം.  
 
പൊതുമേഖലാ 
പ്ലാന്റേഷൻ 
കേരളത്തിൽ റബർ ഉൽപ്പാദത്തിൽ മൂന്നാംസ്ഥാനം കൊല്ലത്തിനുണ്ട്‌. ഈ രംഗത്തെ പൊതുമേഖലാ പ്ലാന്റേഷൻ നാലെണ്ണമാണ്‌ കേരളത്തിൽ ഉള്ളത്‌. ഇതിൽ മൂന്നും കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ്‌. സംസ്ഥാന ഫാമിങ്‌ കോർപറേഷൻ, ആർപിഎൽ, ഓയിൽപാം എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ സഹായം ആവശ്യപ്പെട്ട്‌ പലവട്ടം കേന്ദ്ര സർക്കാരിൽ നിവേദനം സമർപ്പിച്ചിട്ടുള്ളതാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top