കൊല്ലം
‘തോട്ടണ്ടി ഇറക്കുമതിക്കായി സംസ്ഥാന കാഷ്യൂ ബോർഡ് വിളിച്ചിട്ടുള്ള ടെൻഡറിൽ കൊല്ലം തുറമുഖത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. തുറമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാരിനുള്ളത്’–കൊല്ലം തുറമുഖത്തിന് -ഭാവിപ്രതീക്ഷ നൽകുന്ന വാക്കുകൾ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന്റേത്. ‘കൊല്ലത്തെ മറ്റ് തുറമുഖങ്ങളുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ടൂറിസം പദ്ധതിക്കായി നടപടി ആരംഭിച്ചു. സംസ്ഥാന മാരിടൈം ബോർഡിനാണ് ചുമതല’–-സംസ്ഥാന തുറുമഖ മന്ത്രി വി എൻ വാസവന്റെ വാക്കുകളിലും നാളെയുടെ പ്രതീക്ഷ. കോടികൾ ചെലവഴിച്ച് സംസ്ഥാന സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ തുറമുഖത്തേക്ക് വിദേശ, സ്വദേശ -യാത്ര–- ചരക്ക് കപ്പലുകളുടെ വരവാണ് ഇനിവേണ്ടത്. വിഴിഞ്ഞം തുറമുഖം കൂടുതൽ വികസിക്കുന്നതിനൊപ്പം കൊല്ലം തുറമുഖവും വാണിജ്യ വ്യാപാര ടൂറിസം മേഖലകളിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കണം. അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽപ്പെട്ട തുറമുഖം കൊല്ലത്തിന്റെ ഭാവി വികസന കവാടമാണ്. ചരക്കുകപ്പൽ,- യാത്രക്കപ്പൽ, ആഡംബരക്കപ്പൽ എന്നിവ കൊല്ലത്തേക്ക് വന്നാൽ പുത്തൻ സാധ്യതകൾ തുറന്നിടും. പരമാവധി 1200 യാത്രക്കാരുള്ള കപ്പലുകളാണ് കൊല്ലം പാസഞ്ചർ ടെർമിനലിൽ (വാർഫ്) അടുപ്പിക്കാൻ കഴിയുക. 6000–-7000 ടൺ ഭാരമുള്ള കപ്പലുകൾക്കും നങ്കൂരമിടാം. അന്താരാഷ്ട്ര കപ്പൽപാതയുടെ സാന്നിധ്യം ഉള്ളതുകൊണ്ട് കൊല്ലത്തെ ക്രൂ ചെയ്‌ഞ്ചിങ്ങിന്റെ കേന്ദ്രമാക്കാം. കപ്പലുകൾക്ക് ഇന്ധനം നിറയ്‌ക്കാനുള്ള (ബങ്കറിങ്) സാധ്യതയും മുതൽക്കൂട്ടാണ്. യാത്ര–- ചരക്ക് കപ്പലുകളുടെ ബർത്തിന് വെവ്വേറെ വാർഫുകളുണ്ട്. 179 മീ-റ്റർ- നീ-ള-മു-ള്ള വാർഫിൽ ചരക്കുകപ്പലും 101മീറ്റർ നീളമുള്ള വാർഫിൽ യാത്രക്കപ്പലും അടുപ്പിക്കാം. 16,000 ചതുരശ്ര- മീ-റ്റർ- ശേഷി-യു-ള്ള ഓപ്പൺ- യാർ-ഡും- 1450 ചതുരശ്ര- മീ-റ്റർ- ശേഷി-യു-ള്ള രണ്ട്-- ഗോ-ഡൗ-ണു-മുണ്ട്.
ആഡംബരക്കപ്പൽ സവാരിക്ക് വലിയ സാധ്യതയാണ് തുറക്കുന്നത്. ഇതിനായുള്ള നടപടി മാരിടൈം ബോർഡ് തുടങ്ങിയിട്ടുണ്ട്. ആഡംബരക്കപ്പൽ യാത്രയെ ജില്ലയിലെ മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളുമായും ബന്ധപ്പെടുത്താം. അതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അങ്ങനെ ജില്ലയുടെ ടൂറിസം ഖ്യാതി കടൽകടക്കും. ആഡംബരക്കപ്പലിൽ വിവാഹപ്പാർടി സംഗമം, കോർപറേറ്റ് യോഗം, സംഗീത വിനോദ പരിപാടികൾ, ചിൽഡ്രൻസ് പരിപാടികൾ, റസ്റ്റോറന്റ്, ത്രീഡി തിയറ്റർ എന്നിവയ്‌ക്കുള്ള സൗകര്യങ്ങളും ഉണ്ടാകണം. രാവിലെ യാത്രതിരിച്ച് രാത്രി തിരികെയെത്തും വിധമാകണം യാത്ര ഒരുക്കേണ്ടത്. കടൽക്കാഴ്‌ചകൾ ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകളെ തെന്മല, പാലരുവി, ജടായുപാറ, മലമേപ്പാറ, റോസ്‌മല, കോട്ടുക്കൽ ഗുഹാക്ഷേത്രം, പുനലൂർ തൂക്കുപാലം, മൺറോതുരുത്ത്, അഷ്ടമുടിക്കായൽ ബോട്ട് സവാരി തുടങ്ങിയവ ആസ്വദിക്കാനും കഴിയണം. ഇത്തരത്തിൽ വിദേശസഞ്ചാരികളെ കൊല്ലത്ത് എത്തിക്കാനും സാധ്യതകളെ നാടിന്റെ വികസനവഴിയിലേക്ക് തിരിച്ചുവിടാനുമുള്ള ഇടപെടലാണ് വേണ്ടത്.
കൊച്ചി മാതൃകയിൽ കടൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള മാരിടൈം ബോർഡും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും സംയുക്ത സംരംഭമായി കൊല്ലം തുറമുഖം കേന്ദ്രീകരിച്ച് കപ്പൽ സവാരി ആരംഭിക്കാനുള്ള പ്രാരംഭ ചർച്ചകൾ തുടങ്ങി. കൊല്ലം തീരത്തുനിന്ന് അറബിക്കടൽ വിനോദസഞ്ചാരത്തിനായി പഞ്ചനക്ഷത്രസൗകര്യമുള്ള ആഡംബരക്കപ്പലുകളാണ് ഒരുക്കുന്നത്. കൊച്ചിയിൽ 300 പേർക്കെങ്കിലും ഉല്ലാസയാത്ര നടത്താവുന്ന കപ്പലുകളാണ് ഓടുന്നതെങ്കിൽ കൊല്ലത്ത് ആദ്യഘട്ടത്തിൽ 100–-150 പേർക്ക് യാത്രചെയ്യാവുന്ന കപ്പലുകൾ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനു കീഴിലുള്ള സാഗരറാണി, ക്ലിയോപാട്ര, ജലജ്യോതി, സൂര്യാംഗ് തുടങ്ങിയ കപ്പലുകളിൽ ഏതെങ്കിലും ഒരെണ്ണം കൊല്ലത്ത് വേണമെന്നാണ് മാരിടൈം ബോർഡ് നിർദേശിച്ചിട്ടുള്ളത്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ചെറുകപ്പലുകൾ ആദ്യഘട്ടത്തിൽ ഉല്ലാസയാത്രയ്‌ക്ക് ഉപയോഗിക്കുന്നതിനൊപ്പം തന്നെ കൊച്ചിൻ ഷിപ്പ്‌യാർഡിൽ രണ്ടു കപ്പൽ നിർമിക്കാനുള്ള ആലോചനയും ബോർഡിനുണ്ട്.
(തുടരും)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..