23 December Monday

കരാറുകാർ തോന്നിയപോലെ

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2024

 

കൊല്ലം
ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന നിർമാണ പ്രവർത്തനം ജില്ലയിൽ ഏതാണ്ട്‌ നിലച്ചമട്ടിൽ. ദേശീയപാത അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥർ നിർമാണം വിലയിരുത്തണമെന്നും കലക്ടർ യോഗം വിളിച്ച്‌ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ആവശ്യം. 2025 അവസാനം ദേശീയപാത നിർമാണം പൂർത്തിയാക്കുമെന്നാണ്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതിന്‌ തുരങ്കം വയ്‌ക്കുംവിധമാണ്‌ രണ്ടു റീച്ചിലും നിർമാണം. 
തുടക്കത്തിൽ അതിവേഗം നടന്ന ദേശീയപാത വികസനം പൊടുന്നനെ ഇഴഞ്ഞു. പലയിടത്തും പൂർണമായും നിലച്ചു. നിർമാണത്തിന്‌ തടസ്സമില്ലാത്തവിധം ഗതാഗതം സുഗമമാക്കാൻ ട്രാഫിക്‌ വാർഡന്മാരെ നിയമിക്കണമെന്ന പൊലീസിന്റെ നിർദേശവും നടപ്പാക്കിയില്ല. പലയിടത്തും ട്രാഫിക്‌ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്‌ പൊലീസുമായി ആലോചിക്കാതെയാണ്‌. നിർമാണക്കരാർ എടുത്തിട്ടുള്ള ഉത്തരേന്ത്യൻ കമ്പനികൾ നിർമാണം തോന്നിയപോലെ കൊണ്ടുപോകുന്നു. കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാടുവരെ (കൊല്ലം ബൈപാസ്‌) 31.5 കിലോമീറ്റർ നിർമാണത്തിന്‌ 1230 കോടി രൂപയുടെ കരാർ വിശ്വാസമുദ്ര എൻജിനിയറിങ് പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയും കൊല്ലം ബൈപാസ്‌ മുതൽ കടമ്പാട്ടുകോണം വരെ 1100 കോടി രൂപയുടെ കരാർ ശിവാലയ കൺസ്‌ട്രക്‌ഷൻ കമ്പനിയുമാണ്‌ ഏറ്റെടുത്തിട്ടുള്ളത്‌. 
നിർമാണം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ റോയൽറ്റി ഒഴിവാക്കി മണ്ണും മണലും പാറയും എടുക്കാൻ അവസരം ഒരുക്കിയിട്ടും കരാറുകാർ ഇഴച്ചിലിലാണ്‌. ഓച്ചിറ, കരുനാഗപ്പള്ളി, ചവറ, നീണ്ടകര ഭാഗങ്ങളിൽ നിർമാണം നിർത്തിവച്ചിരിക്കുകയാണ്‌. ഇതിനു സമാനമായ അവസ്ഥയാണ്‌ കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി മേഖലയിലും. മഴ മാറിനിന്നിട്ടും നിർമാണം പുനരാരംഭിക്കുന്നില്ല. സർവീസ്‌ റോഡ്‌ പലയിടത്തും  പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്‌. കാൽനട,- ഇരുചക്രവാഹന യാത്ര ദുഷ്‌കരമാണ്‌. മുന്നറിയിപ്പ്‌ ബോർഡുകളോ സിഗ്നലോ ഇല്ല. അടിപ്പാത നിർമാണസ്ഥലത്ത്‌ അപകടസാധ്യത ഏറെ. മെയിൻറോഡ്‌ ഇവിടെ ഇടുങ്ങിയ നിലയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top