27 December Friday
സർക്കാരും സ്റ്റാർട്ടപ് മിഷനും പ്രാദേശിക മാനവവിഭവശേഷിയും കൈകോർത്തു

തൊഴിൽ നൽകാൻ വീണ്ടും സോഹോ വരുന്നു

ജിഷ്ണു മധുUpdated: Saturday Nov 23, 2024

സോഹോയുടെ കൊട്ടാരക്കരയിലെ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ സെന്റർ

കൊല്ലം
സംസ്ഥാന സർക്കാരും കേരള സ്റ്റാർട്ടപ്‌ മിഷനും പ്രാദേശിക മാനവവിഭവശേഷിയും ഒരുപോലെ കരുത്തേകിയതിനാലാണ്‌ കൊട്ടാരക്കരയിലെ റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ സെന്റർ മികവുറ്റ രീതിയിൽ മുന്നേറിയതെന്ന്‌ ലോകോത്തര ഐടി കമ്പനി സോഹോ. കൊട്ടാരക്കരയിൽ സോഹോയുടെ നേതൃത്വത്തിൽ രണ്ടാമത്തെ ക്യാമ്പസും ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 26,000 സ്‌ക്വയർ ഫീറ്റിൽ പദ്ധതി പൂർത്തിയാക്കുന്നതോടെ 200പേർക്ക്‌ തൊഴിൽ നൽകാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. പഠനം, സംരംഭം, തൊഴിൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ആദ്യ ക്യാമ്പസ്‌ ഇൻഡസ്‌ട്രിയൽ പാർക്ക്‌  ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഐഎച്ച്‌ആർഡി എൻജിനിയറിങ്‌ കോളേജിൽ സജ്ജമാക്കിയ സംവിധാനം നൂതനസാങ്കേതികവിദ്യകളെ വ്യവസായ സംരംഭങ്ങളുമായി കണ്ണിചേർക്കാൻ ക്യാമ്പസുകളെ തയ്യാറാക്കുക, പഠനകാലത്ത്‌ തൊഴിൽ പരിശീലനം നൽകുക, സംരംഭകത്വം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ പ്രവർത്തിക്കുന്നത്. തൊഴിലിടം, ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പദ്ധതി 3800 ചതുരശ്രയടി കെട്ടിടത്തിൽ സ്റ്റാർട്ടപ് മിഷന്റെ സഹകരണത്തോടെ മുന്നേറുന്നു. സാങ്കേതികവിദ്യയും സംരംഭകത്വ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഇടപെടലിലൂടെ കൊട്ടാരക്കരയിലിരുന്ന് ഐടി, ഐടി അനുബന്ധ ജോലികൾ ലോകമെമ്പാടുമുള്ള കമ്പനികൾക്കുവേണ്ടി നിർവഹിക്കുകയാണ്‌ നാടിന്റെ യുവത. കൊട്ടാരക്കരയിലും സമീപത്തും ഉള്ളവർക്കാണ്‌ മുൻഗണന നൽകിയത്‌. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ൫൦പേരിൽ ൮൦ശതമാനവും പ്രദേശവാസികളും സമീപ ക്യാമ്പസുകളിൽ പഠനം പൂർത്തിയാക്കിയവരുമാണ്‌. അതിൽ 30വയസ്സിൽ താഴെയുള്ളവരാണ് അധികം. ഇവരുടെ സേവനം ഇവിടെത്തന്നെ ലഭിക്കുന്ന തരത്തിലാണ്‌ ക്യാമ്പസ്‌ ഇൻഡസ്‌ട്രിയൽ പാർക്കിന്റെ ഘടന. ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ട കെട്ടിടം ഇത്തരത്തിലൊരു വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സാങ്കേതിക സഹായം ഉൾപ്പെടെ അതിവേഗത്തിൽ തയ്യാറാക്കിയത്‌ മന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ ഒരുക്കിയത് സർക്കാർ ഉറപ്പാക്കുന്ന പിന്തുണയുടെ ഉദാഹരണമാണെന്ന് പ്രോഗ്രാം മാനേജർ മഹേഷ് ബാല പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top