കൊല്ലം
നിർദിഷ്‌ട കൊല്ലം –- തേനി ദേശീയപാത (183) ഇരുപത്തിനാല് മീറ്റർ വീതിയിൽ നാലുവരിപ്പാതയായി നിർമിക്കണമെന്ന കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിർദേശം അവലോകനയോഗം അംഗീകരിച്ചു. ദിനംപ്രതി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കൂടുതൽ ആണെന്നും 45 മീറ്ററിലാണ് പാത നിർമിക്കേണ്ടതെന്നും ഇവിടത്തെ പ്രത്യേകതകൾ പരിഗണിച്ച് ചുരുങ്ങിയത് 24 മീറ്ററെങ്കിലും വേണമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലത്തിലെ സൂപ്രണ്ടിങ് എൻജിനിയർ ശ്രീധര വാദിച്ചു. ഇല്ലെങ്കിൽ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കില്ലെന്നും പാത ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേത്തുടർന്ന് കലക്ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 24 മീറ്റർ അലൈൻമെന്റ് അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ പങ്കെടുത്ത എംപിമാരും എംഎൽഎമാരും 16 മീറ്റർ അലൈൻമെന്റ് പരമാവധി പരിഗണിക്കണമെന്നും ഇത് കേന്ദ്രം അംഗീകരിക്കുന്നില്ലെങ്കിൽ മാത്രം 24 മീറ്റർ ആകാമെന്നും അഭിപ്രായപ്പെട്ടു. പാത വികസനം നഷ്‌ടപ്പെടരുതെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. പാതയിൽ വളവുകൾ കൂടുതൽ കാരണം 24 മീറ്റർ റോഡുവികസനം ദുഷ്‌കരമാകുമെന്നതിനാൽ പെരിനാട് റെയിൽവേ മേൽപ്പാലം മുതൽ ഭരണിക്കാവ് ഊക്കൻമുക്ക് വരെ ബൈപാസ് നിർമിക്കും. ഇതിനായി 30 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുകയും 24 മീറ്ററിൽ പാത നിർമിക്കുകയുംചെയ്യും. ഇതിനായി നേരത്തെ അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളതാണ്.
എന്നാൽ, ജനവാസമേഖലകളും ആരാധനാലയങ്ങളും പട്ടികജാതി ഉന്നതികളും വാണിജ്യ സ്ഥാപനങ്ങളും പരമാവധി ഒഴിവാക്കും. 14.25 കിലോമീറ്ററാണ് ബൈപ്പാസ്. ഭരണിക്കാവിൽ ഫ്ലൈഓവർ ഉണ്ടാവില്ല. പകരം ഊക്കൻമുക്കിൽനിന്ന് ചക്കുവള്ളി റോഡിൽ പാത എത്തുംവിധം ബൈപാസ് നിർമിക്കും. ഇതിനായി നിലവിലെ അലൈൻമെന്റിൽ മാറ്റംവരുത്തും. റീ അലൈൻമെന്റ് നടത്താൻ ബന്ധപ്പെട്ടവർക്ക് നാഷണൽ ഹൈവേ വിഭാഗം നിർദേശം നൽകിയിട്ടുണ്ട്. അലൈൻമെന്റ് തയ്യാറാക്കിയിട്ടുള്ളത് കൺസൾട്ടന്റ് ഏജൻസിയായ ശ്രീകണ്ഠേശ്വര ആണ്. എംഎൽഎമാരായ എം മുകേഷ്, കോവൂർ കുഞ്ഞുമോൻ, പി സി വിഷ്‌ണുനാഥ്, എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..