23 December Monday

ഗേറ്റടച്ച്‌ യാത്രക്കാരെ 
ദുരിതത്തിലാക്കി റെയിൽവേ

സ്വന്തം ലേഖകൻUpdated: Monday Dec 23, 2024

ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുന്ന ചിന്നക്കട എസ്എംപി പാലസ്‌ റെയിൽവേ ഗേറ്റ്

കൊല്ലം
മുന്നറിയിപ്പില്ലാതെ ഗേറ്റടച്ച്‌ യാത്രക്കാരെ ദുരിതത്തിലാക്കി റെയില്‍വേ. ചിന്നക്കടയിൽ എസ്എംപി പാലസിനു സമീപത്തെ ഗേറ്റാണ്‌ ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുന്നത്‌. ഇതോടെ യാത്രക്കാർ നഗരംചുറ്റി യാത്രചെയ്യേണ്ട ഗതികേടിലായി. എസ്എംപി പാലസ് ഗേറ്റിന്റെ അറ്റകുറ്റപ്പണിയും ഗേറ്റ് കീപ്പറുടെ ശമ്പളവും കോർപറേഷനാണ് നൽകേണ്ടതെന്നാണ്‌ റെയിൽവേ വാദം. മറ്റൊരു പദ്ധതിയുമായി ബന്ധപ്പെട്ട് കോർപറേഷനു റെയിൽവേ പണം നൽകാനുണ്ടെന്നും ഈ തുക നൽകുന്നതുസംബന്ധിച്ച് കോർപറേഷൻ റെയിൽവേയ്ക്ക് പലവട്ടം കത്ത് നൽകിയെങ്കിലും അതിനും അനുകൂല നടപടിയുണ്ടായില്ല. വർഷങ്ങൾക്കു മുമ്പ്‌ ചിന്നക്കടയിൽ റെയിൽവേ മേൽപ്പാലം (ആർഒബി)ഇല്ലാതിരുന്നകാലത്ത്‌ മുനിസിപ്പാലിറ്റിയുടെ ആവശ്യപ്രകാരമാണ്‌ റെയിൽവേ ഗേറ്റ്‌ സ്ഥാപിച്ചതെന്നും ഗേറ്റ്‌ കീപ്പറുടെ ശമ്പളവും അറ്റകുറ്റപ്പണിയുടെ ചെലവും മുനിസിപ്പാലിറ്റി നിർവഹിച്ചുകൊള്ളാമെന്ന്‌ കരാർ ഉണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇത്തരത്തിൽ മുമ്പ്‌ തുക അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രേഖയും പഴയ കരാർ എഗ്രിമെന്റും ബോധ്യപ്പെടുത്തണമെന്നാണ്‌ കോർപറേഷൻ റെയിൽവേ എൻജിനിയറിങ്‌ വിഭാഗത്തോട്‌ ആവശ്യപ്പെട്ടത്‌. ഇതുസംബന്ധിച്ച്‌ റെയിൽവേ അധികൃതർ മറുപടി നൽകാൻ തയ്യാറായിട്ടില്ല. ഒരു മുന്നറിയിപ്പുമില്ലാതെ ഗേറ്റ്‌ അടയ്ക്കുകയായിരുന്നു. 
ചിന്നക്കടയിൽനിന്ന് എസ്‌എംപി പാലസ്‌ റോഡിലൂടെ ദേശീയപാതിയിലേക്ക്‌ കടക്കാനുള്ള എളുപ്പമാർ​ഗമാണ് റോഡ്‌. ഇവിടത്തെ ഗേറ്റ്‌ പൊടുന്നനെ അടച്ചത്‌ നഗരത്തെ ശ്വാസംമുട്ടിക്കുന്നതായി. കൊട്ടിയം, കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസും ഇതുവഴിയാണ് പോകുന്നത്‌. ഗേറ്റ് അടച്ചിട്ടതോടെ ബസുകൾ ബീച്ച് റോഡ് -എസ്എൻ കോളേജ് റെയിൽവേ മേൽപ്പാലംവഴിയാണ് കടന്നുപോകുന്നത്. കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസുകൾ മേൽപ്പാലമിറങ്ങി വീണ്ടും റെയിൽവേ സ്റ്റേഷനു മുന്നിലെത്തുകയാണ്. ഗേറ്റ് അടച്ചിട്ടതറിയാതെ പ്രധാന റോഡിലൂടെയും പുതിയകാവ് ക്ഷേത്രത്തിനു മുന്നിലെ ഇടറോഡിലൂടെയും ധാരാളം വാഹനങ്ങൾ കടന്നുവരുന്നു. ഇവയെല്ലാം ക്ലോക്ക് ടവർ ഭാഗത്തെത്താൻ മേൽപ്പാലമിറങ്ങി, ചിന്നക്കട റൗണ്ട് ചുറ്റി, പ്രസ്‌ക്ലബ്ബിനു മുന്നിലൂടെയാണ് പോകുന്നത്. വാഹനാപകടം വർധിക്കുന്നതിനും ഇത്‌ ഇടയാക്കും. മുന്നറിയിപ്പില്ലാതെ റെയിൽവേ ഗേറ്റ്‌ അടച്ച്‌ ഗതാഗതം തടസ്സപ്പെടുത്തിയതിൽ പ്രദേശവാസികളും യാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്.
റെയിൽവേ നീക്കം
ഗേറ്റ്‌ പൂട്ടിക്കെട്ടുക 
കൊല്ലം
കോർപറേഷനെ പഴിചാരി ചിന്നക്കടയിൽ എസ്‌എംപി പാലസ്‌ ഗേറ്റ്‌ അടച്ച റെയിൽവേയുടെ നീക്കം എന്നന്നേക്കുമായി ഗേറ്റ്‌ അടച്ചുപുട്ടുക എന്നതാണെന്ന്‌ സൂചന. ചിന്നക്കടയിൽ ആർഒബി വന്നതോടെ ഈ ഗേറ്റിന്റെ ആവശ്യമില്ലെന്നും ഇത്‌ നഗരത്തിൽ ഗതാഗതക്കുരുക്ക്‌ സൃഷ്‌ടിക്കുകയാണെന്നും റെയിൽവേ എൻജിനിയറിങ് വിഭാഗത്തിന്റെ വാദം. തിരുവനന്തപുരം ഡിവിഷനിൽ നിന്ന്‌ അറിയിപ്പില്ലാതെ ഇനി ഗേറ്റ്‌ തുറക്കില്ല. ട്രെയിൻ പോകാൻ ഇവിടെ ഗേറ്റ്‌ ഒരു ദിവസം പകുതിയിലേറെ സമയവും അടച്ചിട്ടിരിക്കുകയാണെന്നും ഗേറ്റ്‌ അടച്ചിടുമ്പോൾ ഈ ഭാഗത്ത്‌ ഗതാഗതക്കുരുക്കാണെന്നുമാണ്‌ അവർ പറയുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top