23 December Monday
തീർപ്പാക്കിയത് 1187 പരാതി

കരുതൽ, ആശ്വാസം

ജിഷ്ണു മധുUpdated: Saturday Aug 24, 2024

കൊല്ലത്തു നടന്ന തദ്ദേശ അദാലത്ത്‌ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനംചെയ്യുന്നു

 

കൊല്ലം
മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടന്ന തദ്ദേശ അദാലത്തിൽ കൊല്ലത്ത്‌ തീർപ്പാക്കിയത് 1187 പരാതി. ഇതിൽ 1045 എണ്ണവും പരാതിക്കാർക്ക് അനുകൂലമാണ്‌. ഇതുവരെ ആറു ജില്ലകളിൽ നടന്ന അദാലത്തിൽ ഏറ്റവും കൂടതൽ പരാതി ലഭിച്ചത്‌ കൊല്ലത്താണ്‌–- 1679 പരാതി. 1242 എണ്ണം ഓൺലൈനിലും 437 എണ്ണം വെള്ളിയാഴ്ച നേരിട്ടും സമർപ്പിച്ചു. നേരിട്ടുള്ള പരാതികളിൽ 35 എണ്ണം തീർപ്പാക്കി. ശേഷിച്ചവ രണ്ടാഴ്ചയ്ക്കകം പരിഹരിക്കും. 
ഭിന്നശേഷിക്കാരനായ കുട്ടിക്കും കുടുംബത്തിനും വേണ്ടി മാത്രം തോടിനു കുറുകെ പുതിയപാലം നിർമിക്കാനും വീടെന്ന സ്വപ്നം വഴിമുട്ടിയ വീട്ടമ്മയ്‌ക്ക്‌ വീട്‌ യാഥാർഥ്യമാക്കാനും മന്ത്രി നടപടിയെടുത്തു. കൊല്ലം കോർപറേഷനിലെ തീരദേശ മേഖലയിലെ തൊഴിലാളികളുടെ വീടുകളുമായി ബന്ധപ്പെട്ട പരാതികളിൽ നികുതി ഒഴിവാക്കി ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് നിർദേശം നൽകി. ഇവർക്ക് യുഎ നമ്പർ അനുവദിക്കും. പട്ടയത്തിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം അനന്തരാവകാശികൾക്ക് മാറ്റിനൽകും. ഭവന പുനരുദ്ധാരണ സഹായത്തിനുള്ള തടസ്സം കോർപറേഷന്റെ ശുപാർശ ലഭിക്കുന്നത് അനുസരിച്ച് സർക്കാർ പരിശോധിക്കും. 
പെർമിറ്റ് പ്രകാരം കെട്ടിടം നിർമിച്ചിട്ടും ഒക്യുപൻസി ലഭിച്ചില്ലെന്ന പരാതിയുമായി രണ്ടുപേർ അദാലത്തിനെത്തി. നിയമപ്രകാരമുള്ള നടപടികൾ പാലിച്ച് അപേക്ഷ പരിഗണിക്കാൻ നിർദേശിച്ചു. ശാസ്താംകോട്ട പഞ്ചായത്തിലെ അൻസാർ, കല്ലുവാതുക്കൽ പഞ്ചായത്തിലെ ആർ രാജീവ് എന്നിവരാണ് പരാതി നൽകിയത്. വേണ്ടത്ര പരിശോധനയില്ലാതെ പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി വകുപ്പുതല നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഒരു കേസിൽ പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥൻ തന്നെയാണ് പൂർത്തീകരണ സമയത്ത് ചട്ടലംഘനമുണ്ടെന്നു കണ്ടെത്തി നമ്പർ നിഷേധിച്ചത്. ചട്ടലംഘനത്തോടെ പ്ലാൻ തയ്യാറാക്കിയ ബിൽഡിങ്‌ എൻജിനിയർ/സൂപ്പർവൈസർക്കെതിരെയും നടപടി സ്വീകരിക്കും. സമാന കേസുകളിൽ പൊതുസമീപനം സ്വീകരിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുമെന്ന്‌ എം ബി രാജേഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top