കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സാംസ്കാരിക വകുപ്പും ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിന് കൊല്ലം ഒരുങ്ങി. പരസ്യബോർഡുകൾ, പോസ്‌റ്ററുകൾ , സാമൂഹ്യ മാധ്യമങ്ങൾ വഴി കലാസാഹിത്യ സാംസ്‌കാരിക പ്രമുഖരും ജനപ്രതിനിധികളുടെയും ആശംസാ സന്ദേശങ്ങൾ പ്രചാരണത്തിന് മാറ്റുകൂട്ടുന്നു.
അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവം 30, ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിലാണ് നടക്കുക.
ഓൺലൈൻ രജിസ്ട്രേഷൻ 27 വരെ www.sgoufest.in അല്ലെങ്കിൽ www.sgou.ac.in എന്ന വെബ്സൈറ്റിലൂടെ നടത്താം. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്ക് രജിസ്ട്രേഷൻ സൗജന്യം. മറ്റുള്ളവർക്ക് 250 രൂപ. 30ന് രാവിലെ 10.30 ന് ജസ്റ്റിസ് കെ ചന്ദ്രു ഉദ്ഘാടനം ചെയ്യും. അനിതാനായർ മുഖ്യാതിഥിയാകും. എഴുത്തച്ഛൻ പുരസ്കാര ജേതാവ് എൻ എസ് മാധവനെ ആദരിക്കും. കലാ സാഹിത്യ സാംസ്‌കാരിക പരിപാടികൾ നാലു ദിവസങ്ങളിലായി അരങ്ങേറും. ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവം , ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവൽ എന്നിവയും നടക്കും. പുസ്‌തകോസ്തവം രാജശ്രീ വാര്യർ ഉദ്‌ഘാടനംചെയ്യും. ഓപ്പൺ എഡ്യുക്കേഷൻ സെമിനാർ, ‘ കേരള വികസന സാധ്യതകളും വെല്ലുവിളികളും ’ നാഷണൽ സെമിനാർ, കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന സ്റ്റാർട്ടപ്പ് ഫോറം, കൊല്ലത്തിന്റെ 75 വർഷങ്ങൾ കൊല്ലം സ്മൃതി, ജില്ലയിലെ ചരിത്രനായകർക്ക് ആദരവ്, വിവിധ സാഹിത്യ ചർച്ചകൾ, നാടകങ്ങൾ, കഥാ കവിതാ കഥാപ്രസംഗ മത്സരങ്ങൾ, ചർച്ചകൾ, കേരള കലാമണ്ഡലം ഒരുക്കുന്ന ദൈവദശകം നൃത്താവിഷ്കാരം , മാധ്യമസെമിനാർ തുടങ്ങി ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികൾ നാല് ദിവസങ്ങളിലായി നടക്കും .
അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ക്യൂറേറ്റർ ഷാർലറ്റ് കോട്ടനുമായുള്ള സംവാദ സദസ്സ്, പ്രകാശ് കാരാട്ട്, രമേശ് ചെന്നിത്തല, ബിനോയ് വിശ്വം, വി മുരളീധരൻ എന്നിവർ പങ്കെടുക്കുന്ന രാഷ്ട്രീയ സെമിനാർ ഡിസംബർ മൂന്നി-ന് രാവിലെ 10ന് നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..