കൊല്ലം
ചവറയിൽ തകർന്ന പ്രധാന ശുദ്ധജല പൈപ്പ്‌ലൈനിനു പകരം ഹൈഡെൻസിറ്റി പോളി എഥ്‌ലീൻ (എച്ച്‌ഡിപി) പൈപ്പുകൾ വഴി ചൊവ്വ മുതൽ ശുദ്ധജലം വിതരണംചെയ്യുന്നതിനുള്ള നടപടി ദ്രുതഗതിയിൽ. ടിഎസ് കനാലിൽ ഇറക്കിയ എച്ച്ഡിപി പൈപ്പുകൾ വെള്ളത്തിൽ താഴ്‌ന്നുകിടക്കാനായി കോൺക്രീറ്റ് സ്ലീവ് ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. എച്ച്ഡിപി പൈപ്പുകളിലെ പ്രഷർ, ചോർച്ച പരിശോധന വിജയകരമായിരുന്നു. മുങ്ങൽ വിദഗ്‌ധൻ അടിത്തട്ട് പരിശോധന നടത്തി പൈപ്പുകൾ സ്ഥാപിക്കാൻ തടസ്സമില്ലെന്ന് അനുമതിയും നൽകിയതോടെ തിങ്കൾ രാവിലെ മുതൽ കനാലിൽ പൈപ്പ് ഇറക്കിത്തുടങ്ങി. നിലവിൽ 84മീറ്റർ നീളത്തിൽ എച്ച്ഡിപി പൈപ്പുകൾ സ്ഥാപിച്ചാണ് ഇരുകരകളിലെയും പ്രധാന പൈപ്പ് ലൈനുകൾ തമ്മിൽ യോജിപ്പിക്കുന്നത്.
ടിഎസ് കനാലിൽ വെള്ളത്തിന് അടിയിൽ സ്ഥാപിക്കുന്ന 630 എംഎം വ്യാസമുള്ള എച്ച്‌ഡിപി പൈപ്പുകളെ ദേശീയപാതയുടെ ഓരത്തുകൂടിയുള്ള 750 എംഎം വ്യാസമുള്ള കാസ്റ്റ് അയൺ പൈപ്പുമായി സ്‌റ്റെബ് എൻഡ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന ജോലിയും പൂർത്തിയായി. ആറുമീറ്റർ നീളമുള്ള 19 പൈപ്പാണ് സ്ഥാപിക്കുന്നത്. പുതിയ പാലം സ്ഥാപിക്കുംവരെയാണ് വെള്ളത്തിനടിയിൽ പൈപ്പ് ഇടുക. ക്രിസ്‌മസിനു മുമ്പ് ജലവിതരണം പുനരാരംഭിക്കാനാണ് ശ്രമം. ജലഅതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ ഞായറാഴ്ചയും പൈപ്പ് പൊട്ടിയ സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതിനിടെ വാട്ടർ അതോറിറ്റി, കൊല്ലം കോർപറേഷൻ എന്നിവയുടെ അടക്കമുള്ള ഒമ്പത് ടാങ്കറുകളിൽ പ്രതിദിനം ശരാശരി 2.10ലക്ഷം ലിറ്റർ വെള്ളം തുരുത്തുകളിലടക്കം വിതരണം ചെയ്‌തുവരുന്നു. കഴിഞ്ഞ ഞായർ രാവിലെയാണ് ചവറ പാലത്തിനു സമീപം പൈപ്പ് ലൈൻ പൊട്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..