24 December Tuesday

ആര്യാമൃതത്തിൽ 
നക്ഷത്രങ്ങൾ മിഴിതുറന്നു

സ്വന്തം ലേഖകൻUpdated: Tuesday Dec 24, 2024

വീടുനിർമിക്കാൻ സ്ഥലം നൽകിയ ജയചന്ദ്രൻപിള്ളയും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ 
അനിൽകുമാറും ആര്യയ്ക്കും അമൃതയ്ക്കും ഒപ്പം

കടയ്‌ക്കൽ 
കടയ്‌ക്കൽ കോട്ടപ്പുറം ആര്യാമൃതത്തിൽ തിങ്കൾ പകൽ 11ന്‌ ഗൃഹപ്രവേശമായിരുന്നു. കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ആര്യയ്‌ക്കും അമൃതയ്‌ക്കും അമ്മ അജിതയ്‌ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതമായുറങ്ങാം. വീടിന്റെ പാലുകാച്ചൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിക്കൊപ്പം അതിഥികളായി ഭാര്യ കമലയും ചെറുമകൻ ഇഷാൻ വിജയും. തിളച്ച പാൽ  മുഖ്യമന്ത്രി  പകർന്നപ്പോൾ ആര്യയുടെയും അമൃതയുടെയും  കണ്ണുകളിൽ  നക്ഷത്രത്തിളക്കം. അജിതയ്‌ക്കു പറയാൻ ഒന്നു മാത്രം... എല്ലാവർക്കും നന്ദി. ശുചിമുറിപോലും ഇല്ലാത്ത ടാർപ്പ കെട്ടിയ കൂരയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്‌. ഇനി എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട്ടിലേക്കാണ്‌ കുടുംബത്തിന്റെ ജീവിതയാത്ര. കടയ്ക്കൽ പള്ളിയമ്പലം സ്വദേശി ജയചന്ദ്രൻപിള്ള സൗജന്യമായി നൽകിയ എട്ടേകാൽ സെന്റിൽ മുഖ്യമന്ത്രിയുടെ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്‌ വീട്‌ നിർമിച്ചത്‌. രണ്ടുവർഷം മുമ്പ് ഗൃഹനാഥൻ സുനിൽകുമാർ മരിച്ചതോടെയാണ് കുടുംബം ദുരിതത്തിലായത്. അമ്മ അജിത കൂലിപ്പണിയെടുത്താണ്‌ കുടുംബം പുലർത്തുന്നത്. കുട്ടികളുടെ ദുരിതമറിഞ്ഞ സ്കൂൾ അധികൃതർ തണലൊരുക്കാൻ മുന്നിട്ടിറങ്ങി. 
ആര്യ പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ആര്യയുടെ നേട്ടം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽനിന്ന്‌ സഹായം ലഭിച്ചു. എന്നാൽ, കിട്ടിയ സമ്മാനങ്ങൾപോലും സൂക്ഷിക്കാൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു. നിർധന കുടുംബത്തിന്‌ വീട്‌ നിർമിച്ചു നൽകാൻ മുഖ്യമന്ത്രിയുടെ സുരക്ഷാസേന രംഗത്തിറങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമെ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ്‌ വി എം സുനീഷ് ഉൾപ്പെടെ 67 പേർ ശമ്പളത്തിൽനിന്നു നിശ്ചിത തുക മാറ്റിവച്ച് സ്വരൂപിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച്‌ കുറഞ്ഞ കാലയളവിൽ വീട്‌ നിർമിച്ചു. വീട്ടുപകരണങ്ങൾ മുതൽ മുറ്റത്തെ ചെടികളും മരങ്ങളുംവരെ അഭ്യുദയകാംക്ഷികൾ നൽകി. 
സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ രാജേന്ദ്രൻ, കെ  വരദരാജൻ, കിംസാറ്റ്‌ ചെയർമാൻ എസ്‌ വിക്രമൻ എന്നിവർ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട നിരവധിപേർ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top