24 December Tuesday

ക്രിസ്‌മസ്‌ ‘സ്റ്റാറാക്കാൻ’ 
ബൈജുവും കുടുംബവും

എ ബി അൻസാർUpdated: Tuesday Dec 24, 2024

ബൈജു എബ്രഹാമും കുടുംബവും നക്ഷത്രത്തിനുള്ളിൽ

പത്തനാപുരം
‘‘അച്ഛാ, വീട്ടിലൊരു നക്ഷത്രംവേണം’’... മകൻ ഗോഡ്സോണിന്റെ ആഗ്രഹത്തെ തുടർന്നാണ് നാട്ടുകാർക്കും വഴിയാത്രക്കാർക്കും കാഴ്ചയ്ക്കായി വലിയൊരു നക്ഷത്രം ഒരുക്കിയത്. ഈ നക്ഷത്രത്തിലിരുന്നാണ്‌ കൂടൽ തുണ്ടിയത്ത് ബൈജു എബ്രഹാമും കുടുംബവും ക്രിസ്‌മസ്‌ ആഘോഷിക്കുക. നക്ഷത്രത്തിനുള്ളിൽ കേക്ക് മുറിക്കാനുള്ള സൗകര്യമുണ്ട്‌. അതിനായി കസേരകളും മേശയും റെഡിയാണ്‌. ബൈജു എബ്രഹാം, ഭാര്യ സുനി ബൈജു, മക്കളായ ഗോഡ്‌സോൺ, ഗോഡ്‌സില എന്നിവരും അദ്ദേഹത്തിന്റെ നാലു സുഹൃത്തുക്കളും ആറു ദിവസംകൊണ്ടാണ്‌ നക്ഷത്രം നിർമിച്ചത്‌. റോഡരികിൽ വലിയനക്ഷത്രം ഒരുക്കിയാൽ എല്ലാവർക്കും ഒരു ക്രിസ്‌മസ് കാഴ്ചയാകുമെന്ന ബൈജുവിന്റെ തീരുമാനം വീട്ടുകാർ അംഗീകരിച്ചതോടെയാണ് നിർമാണം തുടങ്ങിയത്. 57അടി ഉയരത്തിലും 53അടി വീതിയിലുമാണ് ഭീമാകാര നക്ഷത്രം കലഞ്ഞൂർ ഉദയാ ജങ്‌ഷനിൽ ഉയർത്തിയിട്ടുള്ളത്. സ്ക്വയർ ട്യൂബ് കമ്പിയിൽ നിർമിച്ച നക്ഷത്രത്തിനു 600കിലോ തൂക്കമുണ്ട്‌. ഫ്രെയിം ചെയ്തതിനുശേഷം പ്ലാസ്റ്റിക് പൊതിഞ്ഞ് പെയിന്റടിച്ച്‌ വൃത്തിയാക്കി ക്രെയിൻ ഉപയോഗിച്ചാണ് ഉദയാ ജങ്‌ഷനിൽ നക്ഷത്രം ഉയർത്തിയത്. 35 ട്യൂബ് ലൈറ്റും ഇതിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്‌. അഞ്ച് മാസങ്ങൾക്കു മുമ്പ്‌ മക്കൾക്ക് വിമാനം കാണണമെന്ന് പറഞ്ഞപ്പോൾ വീട്ടുമുറ്റത്ത് വിമാനം ഉണ്ടാക്കി ഫ്ലൈറ്റ് ഫാമിലി എന്നറിയപ്പെടുന്നവരാണ് ബൈജുവും കുടുംബവും. റോഡിലൂടെ പോകുന്നവർക്ക് വളരെ വിസ്മയകരമായ കാഴ്ചയാണ് ബൈജുവും കുടുംബവും കലഞ്ഞൂർ ഉദയാ ജങ്ഷനിൽ ഒരുക്കിയിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top