കരുനാഗപ്പള്ളി
സർവീസ് റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിലവിലുള്ള ദേശീയപാതയിലെ കുഴികൾ ഉൾപ്പെടെയുള്ളവ അടയ്ക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ കരുനാഗപ്പള്ളിയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. കരുനാഗപ്പള്ളിയിൽ കലക്ടർ എൻ ദേവിദാസ് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ നിർമാണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്തു.
ഉയരപ്പാതയുടെ നീളം കൂട്ടുക, ഫ്ലൈ ഓവറിന്റെ നീളം കൂട്ടുമ്പോള്‍ പരമാവധി പില്ലര്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക, പുത്തന്‍തെരുവ്, വവ്വാക്കാവ്, ഓച്ചിറ എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മിക്കണം. ജനവാസ മേഖലകളില്‍നിന്ന് ദേശീയപാതയിലേക്ക് വേണ്ടത്ര എന്‍ട്രി പോയിന്റുകളും അടിപ്പാതകളും നിർമിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉയർന്നു. സര്‍വീസ് റോഡുകളുടെ നിര്‍മാണം പരമാവധി വേഗത്തിലാക്കുമെന്ന് നാഷണല്‍ ഹൈവേ റീജണല്‍ ഓഫീസറും പ്രോജക്ടര്‍ ഓഫീസറും അറിയിച്ചു.
വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കുന്നതിന് ഭൂഗർഭ കേബിളുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാമെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. കെസി വേണുഗോപാൽ എംപി, സി ആര്‍ മഹേഷ് എംഎല്‍എ, മുനിസിപ്പൽ വൈസ് ചെയര്‍പേഴ്‌സണ്‍ എ സുനിമോള്‍, കൊല്ലം ഡിവിഷന്റെ ചുമതലയുള്ള എന്‍എച്ച്എ പ്രോജക്ട് ഡയറക്ടര്‍ വിപിന്‍ മധു പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..