22 December Sunday

തീരത്തിന്‌ വെളിച്ചമായി 
അറിവിൻ വിളക്ക്‌

എസ് അനന്തവിഷ്‌ണുUpdated: Friday Oct 25, 2024

മത്സ്യത്തൊഴിലാളികൾക്ക് ആദരമായി പ്രളയ രക്ഷാപ്രവർത്തനങ്ങളും വാടിയുടെ ചരിത്രവും ഉൾപ്പെടുത്തിയ ചിത്രം കോസ്റ്റൽ ലൈബ്രറിയുടെ 
ചുമരിൽ കലാകാരൻമാരായ മഹേഷ്‌കുമാർ, അഖിൽ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ വരയ്ക്കുന്നു

കൊല്ലം 
വാടിയെന്ന തീരഗ്രാമത്തിൽ അറിവിന്റെ അക്ഷരവെളിച്ചം നവോന്മേഷത്തോടെ പടരും. വാടി കോസ്റ്റൽ പബ്ലിക് ലൈബ്രറി കെട്ടിടം വെള്ളി വൈകിട്ട്‌ അഞ്ചിന്‌ മന്ത്രി സജി ചെറിയാൻ തുറക്കുന്നതോടെ ഗതകാല സ്മരണകളിൽ അറിവിന്റെ ചരിത്രം പാകിയ വിളക്കുമാടം വാടിക്ക്‌ പുതുകാലത്തിന്റെ ദിശകാട്ടും. 2018ലെ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ,  കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ച കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ വായനശാലയാണ് വാടി കോസ്റ്റൽ ലൈബ്രറി. തങ്ങളുടെ സമ്പാദ്യത്തിൽനിന്നും സുമനസ്സുകളിൽനിന്നും സ്വരുക്കൂട്ടിയ ചെറിയ  വിഹിതങ്ങൾ സമാഹരിച്ചുമാണ് 70 ലക്ഷം രൂപ ചെലവഴിച്ച്‌ ലൈബ്രറി കെട്ടിടം പുനർനിർമിച്ചത്. 
2020 മേയിലെ മഴയിലാണ് 75 വർഷം പഴക്കമുള്ള ലൈബ്രറി തകർന്നത്. ഡിസംബറിൽ എഴുത്തുകാരി ചന്ദ്രകല എസ് കമ്മത്ത്‌ പുതിയ കെട്ടിടത്തിന് കല്ലിട്ടു. ഗ്രാമം മുഴുവൻ ഒന്നിച്ചുനിന്ന് കെട്ടിടം പടുത്തുയർത്തി. 1930ൽ വായനശാലയെന്ന ആശയവുമായി ഒരുകൂട്ടം യുവാക്കൾ ഓലമേഞ്ഞ കെട്ടിടത്തിൽ തുടങ്ങിയ സെന്റ് ആന്റണീസ് വായനശാലയാണ്‌ പിന്നീട്‌ കോസ്റ്റൽ ലൈബ്രറിയായത്. രജതജൂബിലി സ്‌മാരകമായി 1972ൽ നിർമിച്ച കെട്ടിടത്തിൽ എണ്ണായിരത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്നു. ബാലവേദി, വനിതാവേദി, യുവജനവേദി, വയോജനവേദി തുടങ്ങിയവയുമുണ്ട്. കരിയർ ഗൈഡൻസ്, പിഎസ്‌സി പരീക്ഷാപരിശീലനം എന്നിവയും  നടത്തിവരുന്നു. പ്രതിസന്ധികളെ അതിജീവിച്ച്  വായനശാല ഇവിടെ ആരംഭിക്കുമ്പോൾ പുതുതലമുറയ്ക്ക് ആയിരമായിരം കഥകൾകൂടി പകർന്നു നൽകാനുണ്ട്. 
മത്സ്യത്തൊഴിലാളികൾക്ക് ആദരവുമായി പ്രളയ രക്ഷാപ്രവർത്തനങ്ങളും വാടിയുടെ ചരിത്രവുമെല്ലാം ഉൾപ്പെടുത്തിയ ചിത്രം ലൈബ്രറിയുടെ ചുമരിൽ ഒരുങ്ങിയിട്ടുണ്ട്. ഫൈൻ ആർട്‌സ് കോളേജ് വിദ്യാർഥികളായിരുന്ന മഹേഷ്‌കുമാർ, അഖിൽ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ എട്ടടി വലിപ്പമുള്ള ക്യാൻവാസിലാണ്‌ ചിത്രം വരച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top