25 December Wednesday
ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടൽ

കരീപ്രയിൽ 5.85കോടിയുടെ സമഗ്ര ഏലാ വികസന പദ്ധതി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

സമഗ്ര ഏല വികസന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കരീപ്ര പഞ്ചായത്തിൽ നടന്ന യോഗത്തിൽ 
ധനമന്ത്രി കെ എൻ ബാലഗോപാൽ സംസാരിക്കുന്നു

എഴുകോൺ
കരീപ്രയിലെ കാർഷിക മേഖലയ്ക്ക് കരുത്തായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടൽ. പഞ്ചായത്തിലെ സമഗ്ര ഏലാ വികസനത്തിനു 5.85കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു. മന്ത്രി കെ എൻ ബാലഗോപാലിന്റെ ഇടപെടലിൽ കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതി തയ്യാറാക്കിയത്. ഗ്രാമീണാടിസ്ഥാന സൗകര്യ വികസന ഫണ്ടിൽനിന്ന് നബാർഡാണ് പദ്ധതിക്കാവശ്യമായ തുക അനുവദിച്ചത്. 
പാട്ടുപുരയ്‌ക്കൽ, കുന്നുംവട്ടം, മടന്തകോട്, വാക്കനാട് ഏലായിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏലാ തോടുകൾക്ക് സംരക്ഷണ ഭിത്തി, ട്രാക്ടർ ബ്രിഡ്ജ്, കോൺക്രീറ്റ് ഡ്രെയിന്‍, റാമ്പുകൾ, പമ്പ് ഹൗസ് തുടങ്ങിയവയാണ് നിർമിക്കുന്നത്. തളവൂർക്കോണം പാട്ടുപുരയ്ക്കലിൽ 1.72കോടി ചെലവിൽ 2000 മീറ്റർ സംരക്ഷണ ഭിത്തിയും 200മീറ്റർ കോൺക്രീറ്റ് ഡ്രെയിനും നാല് ട്രാക്ടർ ബ്രിഡ്ജും ഏഴ് വലിയ റാമ്പും എട്ട് ചെറിയ റാമ്പുമാണ് പദ്ധതിയിലുള്ളത്. 
കുന്നുംവട്ടത്ത് 1.16കോടി ചെലവിൽ നീരൊഴുക്ക് നിയന്ത്രിക്കുന്നതിനുള്ള വാട്ടർ ഗേ റ്റും 1500മീറ്റർ സംരക്ഷണ ഭിത്തിയും നിർമിക്കും. മടന്തകോട് ഏലായിൽ 1300 മീറ്റർ സംരക്ഷണ ഭിത്തിയും 570മീറ്റർ കോൺക്രീറ്റ് ഡ്രെയിനും അഞ്ച് റാമ്പും പമ്പ് ഹൗസും നിർമിക്കും. 2.02 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. വാക്കനാട് ഏലായിൽ 81 ലക്ഷത്തിന് 250 മീറ്റർ സംരക്ഷണ ഭിത്തിയും 500മീറ്റർ ഡ്രെയിനും ട്രാക്ടർ ബ്രിഡ്ജും നിർമിക്കും. കഴിഞ്ഞ ദിവസം ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ കരീപ്രയിൽ കർഷകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് പദ്ധതി കരട് രേഖ തയ്യാറാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top