കൊട്ടാരക്കര
കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിജിലൻസ് കേസുകളുടെ നടത്തിപ്പിനായി കൊട്ടാരക്കരയിൽ പുതുതായി അനുവദിച്ച വിജിലൻസ് കോടതിയുടെ ആസ്ഥാനത്തെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കേണ്ടതാണെന്നും കോടതിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും കൊട്ടാരക്കര ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അബ്കാരി കോടതിയും പോക്‌സോ കോടതിയും പ്രവർത്തിച്ചിരുന്ന സ്ഥലത്ത് വിജിലൻസ് കോടതി അനുവദിക്കണമെന്ന് കൊട്ടാരക്കര ബാർ അസോസിയേഷൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും നിവേദനം നൽകിയിരുന്നു. ഈ സ്ഥലത്ത് കോടതി ആരംഭിക്കുന്നതിന് തടസ്സമില്ലെന്ന് മാർച്ച് 15ന് ഹൈക്കോടതി സർക്കാരിനെ അറിയിച്ചിരുന്നു. വിജിലൻസ് ഡയറക്ടർ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ ജഡ്ജിക്ക് കത്തു നൽകുകയും ജില്ലാ ജഡ്ജി അനുകൂലമായ റിപ്പോർട്ട് ഹൈക്കോടതിക്ക് നൽകുകയുംചെയ്തു. ഹൈക്കോടതിയിൽനിന്നുള്ള കത്തിന്റെയും വിജിലൻസ് ഡയറക്ടറുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി കൊട്ടാരക്കരയിൽത്തന്നെ സ്ഥാപിക്കുന്നതിന് സർക്കാർ ഉത്തരവുണ്ടായത്.
കൊല്ലം ആസ്ഥാനമാക്കിയെന്നത് കൊല്ലം നഗരത്തെയാണ് ഉദ്ദേശിക്കുന്നതെന്ന തെറ്റായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ബാർ അസോസിയേഷൻ സർക്കാർ ഉത്തരവിനെതിരെ രംഗത്തുവന്നത്. വിജിലൻസ് കോടതി കൊല്ലം കോടതി സെന്ററിൽ ആരംഭിക്കുന്നതിന് ഹൈക്കോടതി ഫുൾ കോർട്ട് തീരുമാനമെടുത്തിട്ടില്ല. കൊല്ലം സെന്ററിന് അനുവദിച്ച വിജിലൻസ് കോടതി കൊട്ടാരക്കരയ്ക്ക് കൊണ്ടുപോയി എന്ന ആരോപണത്തിനും അടിസ്ഥാനമില്ല. വിജിലൻസ് കോടതികൾ ജില്ലാസെന്ററുകളിൽത്തന്നെ വേണമെന്ന് നിർബന്ധമില്ല. എറണാകുളം വിജലൻസ് കോടതി മൂവാറ്റുപുഴ കോർട്ട് കോംപ്ലക്സിലും കണ്ണൂർ വിജിലൻസ് കോടതി തലശ്ശേരിയിലുമാണ് പ്രവർത്തിക്കുന്നത്.
പത്തനംതിട്ട കോർട്ട് സെന്ററിൽനിന്ന് 39 കിലോമീറ്ററും കൊല്ലം കോർട്ട് സെന്ററിൽ നിന്ന് 29 കിലോമീറ്ററും അകലത്തിലും ഇരു ജില്ലകളുടെയും മധ്യഭാഗത്തുമാണ് കൊട്ടാരക്കര കോർട്ട് സെന്റർ. ഇരുജില്ലകളിലെയും കക്ഷികൾക്ക് അനായാസമായി എത്തിച്ചേരുന്നതിന് കൊട്ടാരക്കര കോർട്ട് സെന്ററാണ് ഉചിതമെന്നും സർക്കാർ ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് വിജിലൻസ് കോടതി കൊട്ടാരക്കരയിൽ ആരംഭിക്കാൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് പി കെ രവീന്ദ്രൻ, സെക്രട്ടറി ആർ എസ് അനീഷ്, ജോയിന്റ് സെക്രട്ടറി സാജൻ കോശി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..