കൊല്ലം
കൊല്ലം–- - തേനി ദേശീയപാത (183) നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ക്യാപ്പിറ്റൽ (3 എ) വിജഞാപനത്തിന് മുമ്പുള്ള സംയുക്‌ത പരിശോധന 29ന് ആനയടി വയ്യാങ്കരയിൽനിന്ന് ആരംഭിക്കും. പാതയുടെ ആലപ്പുഴജില്ലയിലുള്ള സ്ഥലങ്ങളിലാണ് സ്‌പെഷ്യൽ തഹസിൽദാരും കൺസൾട്ടന്റ് ഏജൻസിയും പിഡബ്ല്യുഡി ദേശീയപാത വിഭാഗവും ചേർന്ന് പരിശോധന നടക്കുന്നത്. കൊല്ലം ജില്ലയുടെ വടക്ക് അതിർത്തിയായ ആനയടി വയ്യാങ്കരയിൽനിന്ന് തുടങ്ങി ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയാണ് ആലപ്പുഴ ജില്ലയിലുള്ള ഭാഗം. മുംബൈ ആസ്ഥാനമായ ശ്രീകണ്‌ഠേ ആണ് കൺസൾട്ടന്റ് ഏജൻസി.
ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേനമ്പർ, വിസ്‌തീർണം, വില്ലേജ് എന്നിവ ഉറപ്പുവരുത്തുകയാണ് 3എ പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ സംയുക്‌ത പരിശോധനയിലൂടെ ചെയ്യുന്നത്. നിലവിൽ പിഡബ്ല്യുഡി ദേശീയപാത വിഭാഗത്തിന്റെ സൈറ്റിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരമുണ്ട്. ആലപ്പുഴ ജില്ലയിലെ പരിശോധന കഴിഞ്ഞാൽ കൊല്ലം ജില്ലയിലെ സ്ഥലങ്ങളിലും പരിശോധന തുടങ്ങും. ഭൂമി ഏറ്റെടുക്കൽ നടപടിക്കായി കൊല്ലം, ഹരിപ്പാട് സ്‌പെഷ്യൽ തഹസിൽദാർമാരെ യാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. രണ്ടു ജില്ലകളിൽനിന്നും 22 ഹെക്‌ടർ ഭൂമിയാണ് (5500 സെന്റ്) ഏറ്റെടുക്കുന്നത്. 3എ വിജ്ഞാപനത്തിന് പുറമെ ഭൂമിരാശി പോർട്ടിൽ അപ്‌ലോഡ് ചെയ്യുന്ന ഭൂമി സംബന്ധിച്ച് ഹിയറിങും പ്രധാനമാണ്. തുടർന്നാണ് അതിർത്തി നിർണയിച്ച് കല്ലിടൽ.
അതുകഴിഞ്ഞാൽ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള ത്രിഡി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഇതോടൊപ്പം നഷ്‌ടപരിഹാരം നിർണയിച്ച് വില നിശ്‌ചയിച്ച് ഭൂമി ഏറ്റെടുത്ത നടപടി പൂർത്തീകരിക്കും. അലൈൻമെന്റിന് അംഗീകാരം ലഭിച്ചിട്ട് ഒന്നരവർഷമായി. കൊല്ലം –- തേനി ദേശീയപാത നിർമാണം കൊല്ലം ബൈപാസിൽ കടവൂർ ഒറ്റക്കൽ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ 58 കിലോമീറ്ററാണ്. കടവൂർ, പെരിനാട് ആർഒബി, അഞ്ചാലുംമൂട്, കുണ്ടറ ഇളംമ്പള്ളൂർ, ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, താമരക്കുളം, ചാരുംമൂട്, കൊല്ലകടവ് വഴി ചെങ്ങന്നൂർ ആഞ്ഞിലിമൂട്ടിൽ (എംസി റോഡ്) എത്തും. തുടർന്ന് കോട്ടയം, മുണ്ടക്കയം, കുട്ടിക്കാനം, കുമളി, കമ്പം വഴി തേനിയിൽ പാത അവസാനിക്കും. 16 മീറ്റർ വീതിയിലാണ് റോഡുനിർമാണം. വളവ് നൂത്തെടുക്കാൻ ചിലയിടങ്ങളിൽ വീതി 16 മീറ്ററിൽ കൂടുതൽ വേണ്ടിവരും. 16 മീറ്ററിൽ 12 മീറ്റർ വീതിയിലാണ് ടാറിങ്. ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാതയും ഉണ്ടാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..