കൊല്ലം
ജില്ലാ ആസ്ഥാനത്തെ കെഎസ്ആർടിസി കൊല്ലം ഡിപ്പോയ്‌ക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള പ്ലാൻ പൂർത്തീകരണത്തിലേക്ക്. അന്തിമ പ്ലാൻ 30ന് എം മുകേഷ് എംഎൽയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊല്ലം പിഡബ്ല്യൂഡി ബിൽഡിങ് വിഭാഗം സമർപ്പിക്കും. യോഗത്തിൽ പിഡബ്ല്യൂഡി ആർക്കിടെക്‌ട് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടർന്ന് പ്ലാൻ സർക്കാരിനും കെഎസ്‌ആർടിസിക്കും കൈമാറും. സർക്കാരും കെഎസ്‌ആർടിസിയും പ്ലാനിന് അംഗീകാരം നൽകിയാൽ എംഎൽഎ ഫണ്ട് ചെലവഴിക്കാനുള്ള നടപടിക്കായി കലക്‌ടർക്ക് സമർപ്പിക്കും. എം മുകേഷ് എംഎൽഎയുടെ 2023–--24, 2024–--25 സാമ്പത്തിക വർഷങ്ങളിലെ ആസ്തി വികസനനിധിയിൽനിന്ന് ഏഴുകോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാൻ അന്തിമമാക്കുന്നതിന്റെ ഭാഗമായി എം മുകേഷ് എംഎൽഎ കൊല്ലം ഡിപ്പോ പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്കൊപ്പം ബുധനാഴ്‌ച സന്ദർശിച്ചു.
കൊല്ലത്ത് നിലവിലെ കെഎസ്‌ആർടിസി ഗ്യാരേജ് നിൽക്കുന്നിടത്താണ് പുതിയ ഡിപ്പോ കെട്ടിടം നിർമിക്കുന്നത്. ഇവിടെ ബസുകളുടെ ദൈനംദിന അറ്റകുറ്റപ്പണിക്കുള്ള ചെറിയ വർക്‌ഷോപ്പും സ്ഥാപിക്കും. മേജർ വർക്‌ഷോപ് ചാത്തന്നൂർ ഡിപ്പോയിൽ സ്ഥാപിക്കണമെന്ന നിർദേശമാണുള്ളത്. പുതിയ കെട്ടിടം പൂർത്തീകരിക്കുമ്പോൾ എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കും തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്കും ഡിപ്പോയിലേക്ക് സുഗമമായി പ്രവേശിക്കാൻ കച്ചേരി ജങ്‌ഷനും നവീകരിക്കണം. ഇതിനായുള്ള പ്രൊപ്പോസൽ കൂടി തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് മുകേഷ് എംഎൽഎ പറഞ്ഞു. അതിനിടെ കൊല്ലത്ത് അഷ്‌ടമുടിക്കായലിന്റെ ഓരത്തുള്ള നിലവിലെ ഡിപ്പോ പൊളിച്ച് ഓഫീസും വാണിജ്യസമുച്ചയവും നിർമിക്കും. ഇതിനായി കിഫ്‌ബി ഫണ്ട് ചെലവഴിക്കും. സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട പദ്ധതിയാണിത്. വിനോദസഞ്ചാരവും വാണിജ്യവും ലക്ഷ്യമിട്ട് ഇവിടെ പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് സമുച്ചയം നിർമിക്കുന്നത്.
ഡിപ്പോ നിർമാണത്തിന് പച്ചക്കൊടി
കൊല്ലത്ത് ഗ്യാരേജ് പൊളിച്ച് പുതിയ പുതിയ കെഎസ്‌ആർടിസി ഡിപ്പോ നിർമിക്കാൻ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പച്ചക്കൊടി. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഡിപ്പോ നിർമിക്കാൻ എം മുകേഷുമായുള്ള ചർച്ചയിൽ മന്ത്രി നിർദേശിച്ചു. നിലവിലെ ഡിപ്പോ ഏതുസമയവും നിലംപൊത്താറായ സാഹചര്യത്തിലാണ് പുതിയ ഡിപ്പോ നിർമാണത്തിന് എംഎൽഎ ഫണ്ട് എം മുകേഷ് വാഗ്‌ദാനംചെയ്‌തത്. ഇക്കാര്യത്തിൽ രണ്ടുതവണ എംഎൽഎ വകുപ്പു മന്ത്രിയുമായി ചർച്ചനടത്തി. നിർമാണത്തിനുള്ള പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചതോടെയാണ് പുതിയ ഡിപ്പോ നിർമാണത്തിന് വഴിതെളിഞ്ഞത്. പിഡബ്ല്യൂഡി ബിൽഡിങ് വിഭാഗം തയ്യാറാക്കി സമർപ്പിക്കുന്ന പ്ലാൻ സർക്കാരും കെഎസ്‌ആർടിസിയും അംഗീകരിക്കുന്നതോടെ പുതിയ ഡിപ്പോ ഉറപ്പാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..