23 November Saturday
ആശാവർക്കറുടെ ഒഴിവ്‌ നികത്തിയില്ല

മൺറോതുരുത്ത് പഞ്ചായത്ത് 
പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
ശാസ്താംകോട്ട
മൺറോതുരുത്ത് പഞ്ചായത്തിലെ 11–-ാം വാർഡിലെ ആശാവർക്കറുടെ ഒഴിവിലേക്ക് ആളെ പരിഗണിക്കാത്ത പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വാർഡിലെ ആശാവർക്കറായിരുന്ന മിനി സൂര്യകുമാർ പഞ്ചായത്ത് പ്രസിഡന്റ് ആയതോടെയാണ് ആശാവർക്കറുടെ ഒഴിവുവന്നത്. ഈ ഒഴിവിലാണ് നിയമനം നടത്താതെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഇരുട്ടിൽ തപ്പുന്നത്. ഈ വാർഡിലെ ആശാവർക്കറുടെ ചുമതല 10, 12 വാർഡുകളിലെ ആശാവർക്കർമാരായ രേഖ, രഞ്ജിത എന്നിവർക്ക് വീതിച്ചുനൽകിയിരുന്നു. 
എന്നാൽ, സ്വന്തം വാർഡിലെ പ്രവർത്തനങ്ങൾ കാരണം അധിക ചുമതല ചെയ്തുതീർക്കാൻ കഴിയുന്നില്ലെന്നും ഈ പ്രശ്നം പരിഹരിച്ച് പുതിയ ആശാവർക്കറെ താൽക്കാലികമായി 11–-ാം വാർഡിൽ നിയമിക്കണമെന്നും കാണിച്ച്‌ ഇരുവരും പിഎച്ച്സി മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. ഇതിനു പരിഹാരമായി ആശാവർക്കറുടെ ഒഴിവുവന്ന വാർഡിൽ പുതിയ ആശാവർക്കറെ താൽക്കാലികമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ പഞ്ചായത്ത് ഭരണസമിതിക്ക് കത്തുനൽകി. എന്നാൽ, മെഡിക്കൽ ഓഫീസർ നൽകിയ കത്ത് പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ടവച്ച് ചർച്ചചെയ്യാൻ പ്രസിഡന്റ്‌ അടക്കമുള്ള യുഡിഎഫ് ഭരണസമിതി തയ്യാറാകാതെ വന്നതോടെയാണ് വാർഡിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നത്. 
പഞ്ചായത്ത്‌ സെക്രട്ടറി ആഗസ്‌ത്‌ എട്ടിനു നടന്ന കമ്മിറ്റിയിൽ കത്ത് അവതരിപ്പിച്ചെങ്കിലും മറ്റൊരു കമ്മിറ്റിയിൽ പരിഗണിക്കാം എന്ന് പറഞ്ഞു മാറ്റിവയ്‌ക്കുകയായിരുന്നു. എന്നാൽ, ഇതിനുശേഷം നാല് കമ്മിറ്റി പഞ്ചായത്തിൽ നടന്നെങ്കിലും കത്ത് അജണ്ടയിൽ വയ്‌ക്കാതെ ആശാവർക്കർ നിയമനം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. ആശാവർക്കറുടെ സേവനം വാർഡിൽ കാര്യക്ഷമമായി ലഭിക്കാത്തതിനാൽ സാംക്രമികരോഗങ്ങൾ വാർഡിൽ വർധിക്കുന്നതായും പുതിയ ആശാ വർക്കറെ ഉടൻതന്നെ നിയമിക്കണമെന്നും വാർഡിലെ ജനങ്ങൾ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top