ശാസ്താംകോട്ട
പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആറുദിവസമായി കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു. കുന്നിൽ പമ്പ്ഹൗസിൽനിന്ന് കുടിവെള്ളം ലഭിക്കാത്തതിനാലാണ് ഉപരോധിച്ചത്. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ ഐത്തോട്ടുവ, കുമ്പളത്തറ കോളനി, നടുവിലക്കര, ഉള്ളുരുപ്പ് എന്നിവിടങ്ങളിലാണ് ആറുദിവസമായി കുടിവെള്ളം ലഭിക്കാത്തത്. ഈ ഭാഗത്ത് കുടിവെള്ളം വിതരണംചെയ്യുന്നത് കുന്നിൽ പമ്പ് ഹൗസിൽനിന്നാണ്. ഇവിടത്തെ മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണമായത്. പ്രശ്നപരിഹാരത്തിനു നടപടി ഇല്ലാതായതോടെ പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധ, സ്ഥിരം സമിതി അധ്യക്ഷരായ കെ സുധീർ, ജെ അംബികകുമാരി, ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പുതിയ മോട്ടോർ കൊണ്ടുവന്ന് ചൊവ്വാഴ്ച മുതൽ പമ്പ് ഹൗസ് പ്രവർത്തനം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..