27 December Friday

പ്രതിഭകളുടെ സ്‌മരണയിൽ കൊട്ടാരക്കര

സ്വന്തം ലേഖകൻUpdated: Tuesday Nov 26, 2024
കൊട്ടാരക്കര
കലകളെയും കലാകാരന്മാരെയും എന്നും ചേർത്തുനിർത്തിയ കൊട്ടാരക്കര വിശ്വോത്തര കലയുടെ ഈറ്റില്ലം കൂടിയാണ്‌. മൺമറഞ്ഞുപോയ നിരവധി കലാപ്രതിഭകളുടെ സ്‌മരണ തുളുമ്പുന്ന മണ്ണിലാണ്‌ ഇക്കുറി 63–--ാം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ കൊടിയേറിയത്‌. കഥകളിയുടെ നാടായ കൊട്ടാരക്കര വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ പ്രതിഭകളുടെ നാടുകൂടിയാണ്‌. അഭ്രപാളിയിൽ ചെമ്പൻകുഞ്ഞിനെയും കുഞ്ഞേനാച്ചനെയും കുഞ്ഞാലിമരയ്ക്കാരെയുമെല്ലാം അനശ്വരമാക്കിയ അതുല്യ നടൻ കൊട്ടാരക്കര ശ്രീധരൻനായരാണ്‌ മുന്നിൽ. പഴശ്ശിരാജ, കുഞ്ഞാലിമരയ്ക്കാർ, വേലുത്തമ്പിദളവ തുടങ്ങിയ കഥാപാത്രങ്ങളായും അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞുനിന്നു. 1986 ഒക്ടോബർ 19-നായിരുന്നു അന്ത്യം. അഭ്രപാളികളിലെ നടന വിസ്മയമായിരുന്ന ഭരത് മുരളിയും കൊട്ടാരക്കരയുടെ സ്വന്തം. കുടവട്ടൂരിലാണ് ജനനം. ശാസ്താംകോട്ട ഡിബി കോളേജിലെ പഠനകാലത്ത് നാടകാചാര്യൻ ജി ശങ്കരപ്പിള്ളയുടെ ശിഷ്യനായി. നാട്യഗൃഹം അരങ്ങിലെത്തിച്ച ‘മഴ’യാണ് മുരളിയുടെ ആദ്യ പ്രൊഫഷണൽ നാടകം. പിന്നെ ഭരത് ഗോപിയുടെ ‘ഞാറ്റടി’യിലൂടെ സിനിമാ പ്രവേശനം. 2009 ആഗസ്ത് ആറിന് അന്തരിച്ചു. ഒമ്പതാം വയസ്സിൽ കഥകളിയിൽ പ്രവേശിച്ച ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള കഥകളിയിലെ പേരും പെരുമയുമാണ്‌. കൊട്ടാരക്കരയിലെ കോട്ടവട്ടത്ത്‌ ജനിച്ച ലളിതാംബിക അന്തർജനം മലയാള സാഹിത്യലോകത്തെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമാണ്‌. ‘അഗ്നിസാക്ഷി’ എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ ചിരപ്രതിഷ്‌ഠയായി മാറി. അഗ്നിസാക്ഷി അതേ പേരിൽ സിനിമയുമായി. 1987 ഫെബ്രുവരി ആറിന് അന്തരിച്ചു. ഇന്നും കലാ സാംസ്കാരിക രംഗത്ത്‌ തിളങ്ങിനിൽക്കുന്ന പല പ്രമുഖരും കൊട്ടാരക്കരയുടെ സംഭാവനയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top