കൊല്ലം
മാറ്റിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ജില്ലയിൽ കർശന നിരീക്ഷണത്തോടെ പുനരാരംഭിച്ചു. ചൊവ്വാഴ്‌ച ആകെ 96,640 കുട്ടികൾ പരീക്ഷ എഴുതി. 232 പരീക്ഷാകേന്ദ്രത്തിലായി എസ്എസ്എൽസി -30,450 കുട്ടികളും എച്ച്എസ്എസ് -58,096, വിഎച്ച്എസ്ഇ -8094 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം.
81 കുട്ടികൾ എസ്എസ്എൽസിക്ക് മറ്റു ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിലും മറ്റു ജില്ലകളിലുള്ള 69 കുട്ടികൾ കൊല്ലത്തും പരീക്ഷ എഴുതിയിട്ടുണ്ട്. എസ്‌എസ്‌എൽസിക്ക് ചൊവ്വാഴ്‌ച കണക്ക് പരീക്ഷയായിരുന്നു. ഫിസിക്‌സ്, കെമിസ്‌ട്രി പരീക്ഷകളാണ് ബാക്കിയുള്ളത്. ഹയർ സെക്കൻഡറിക്കും വൊക്കേഷണൽ ഹയർസെക്കൻഡറിക്കും ഇനി മൂന്നുവീതം പരീക്ഷയുണ്ട്.
തെർമൽ സ്‌കാനർ ഉപയോഗിച്ച് കുട്ടികളുടെയും അധ്യാപകരുടെയും താപനില പരിശോധിച്ചശേഷമാണ് സെന്ററുകളിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹാൻഡ്‌വാഷും സാനിറ്റൈസറും ഉപയോഗിച്ച് കൈകഴുകിച്ചാണ് പരീക്ഷാഹാളിൽ കയറ്റിയത്. ഒരു ബെഞ്ചിൽ രണ്ടുപേരാണ് പരീക്ഷ എഴുതിയത്. ഒരു ഹാളിൽ 20 കുട്ടികൾ മാത്രം. കുട്ടികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിനും പുറത്തേക്കിറക്കാനും പ്രത്യേകം സംവിധാനം ഉറപ്പാക്കിയിരുന്നു. ഒറ്റപ്പെട്ട കേന്ദ്രങ്ങളിലുള്ള കുട്ടികളെ സർക്കാർ വാഹനങ്ങളിൽ എത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..