കൊല്ലം
കെപിസിസി എക്‌സിക്യൂട്ടീവ്അംഗം ജ്യോതികുമാർ ചാമക്കാല കഴിഞ്ഞ ദിവസം കോർ കമ്മിറ്റിയിൽ പറഞ്ഞ ഡിസിസിയിലെ പവർഗ്രൂപ്പിൽ നാലുപേര്‍. ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്, മുൻ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം എം നസീർ, പഴകുളം മധു എന്നിവര്‍ ഉൾപ്പെടുന്നതാണ് ജില്ലയിലെ പവർ ഗ്രൂപ്പ്.
പ്രധാനകാര്യങ്ങളിലെല്ലാം ഇവർ മാത്രം തീരുമാനിക്കുന്നതിലുള്ള രോഷമാണ് ജ്യോതികുമാറിന്റെ വാക്കുകളിൽ പ്രതിഫലിച്ചത്. പരസ്പരധാരണയിലുള്ള പവർഗ്രൂപ്പ് പ്രവൃത്തികൾ അണികൾക്കിടയിൽ ശക്‌തമായ അമർഷമുണ്ടാക്കുന്നെന്നും ജ്യോതികുമാർ കുറ്റപ്പെടുത്തി. ഇവരെക്കൂടാതെ മുൻ ഡിസിസി പ്രസിഡന്റുമാരായ ശൂരനാട് രാജശേഖരൻ, കെ സി രാജൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, സംസ്ഥാന എക്‌സിക്യൂട്ടീവ്അംഗം എ ഷാനവാസ്‌ഖാൻ എന്നിവരാണ് കോർ കമ്മിറ്റിയിലെ സ്ഥിരസാന്നിധ്യം. കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, ജില്ലയിൽനിന്നുള്ള എംഎൽഎമാരായ പി സി വിഷ്‌ണുനാഥ്, സി ആർ മഹേഷ് ,കെപിസിസിയിൽനിന്ന് ജില്ലയുടെ ചുമതലക്കാരായ അടൂർ പ്രകാശ്, വി എസ് ശിവകുമാർ എന്നിവരും കോർ കമ്മിറ്റി അംഗങ്ങളാണ്. ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനാ പ്രക്രിയ പൂർത്തിയാക്കാനുള്ള ചുമതല കോർ കമ്മിറ്റിയിൽ നിന്ന് ഡിസിസി പ്രസിഡന്റിനു മാത്രമാക്കി ചുരുക്കാനുള്ള തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിലാണ് ജ്യോതികുമാർ പവർ ഗ്രൂപ്പ് ആരോപണം ഉയർത്തിയത്. ജ്യോതികുമാറിന് പാർടി ചുമതല പത്തനാപുരത്ത് നൽകാതെ ചാത്തന്നൂരിലേക്ക് മാറ്റിയിരുന്നു. ഇതിൽ നേരത്തെ പ്രതിഷേധം ഉയർത്തിയിരുന്നെങ്കിലും കടുപ്പിച്ചത് കോർ കമ്മിറ്റിയിലാണ്.
കെപിസിസി മാനദണ്ഡങ്ങൾ നേതാക്കൾ തന്നെ ഗ്രൂപ്പ് നേട്ടങ്ങൾക്കായി കാറ്റിൽപ്പറത്തി എന്നും കോർ കമ്മിറ്റിയിൽ ആക്ഷേപം ഉയർന്നിരുന്നു. ബ്ലോക്ക് ഭാരവാഹികളുടെ എണ്ണത്തിൽ ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദിന്റെ വാദത്തോട് എം എം നസീറും യോജിച്ചത് ഗ്രൂപ്പ് സമവാക്യം വ്യക്തമാക്കി. ഇതോടെ ജ്യോതികുമാറിന്റെ വാദം പൊളിക്കുന്നതിലും പവർ ഗ്രൂപ്പിന്റെ പ്രവർത്തനം പ്രകടമാകുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..