കൊല്ലം
മണിപ്പൂർ കലാപത്തെ തുടർന്ന് സുരക്ഷയും സ്കൂളും കളിസ്ഥലവും നഷ്ടപ്പെട്ട കുട്ടികളിൽനിന്ന് എൻജിഒ സന്നദ്ധപ്രവർത്തകർ കണ്ടെത്തി കേരളത്തിലേക്കയച്ച 17പേർ കൊല്ലത്തെ ഗവ. ചിൽഡ്രൻസ് ഹോമിൽനിന്ന് മടങ്ങുന്നു. ജൂലൈ ഏഴുമുതൽ സുരക്ഷിതരായി കുട്ടികൾ ഇവിടെയുണ്ട്.
മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽനിന്നുള്ള കുട്ടികളെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ഹോമിലാണ് താമസിപ്പിച്ചത്. പിന്നീട് കൊല്ലത്തേക്ക് മാറ്റുകയായിരുന്നു. രണ്ട് കുട്ടികളെ മണിപ്പൂർ സർക്കാരിന്റെ അനുമതിയോടെ ബന്ധുക്കളെത്തി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇംഗ്ലീഷിലാണ് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംസാരവും വിശേഷമറിയലുമെല്ലാം. കുട്ടികളിൽ കൂടുതൽപേരും ഹൈസ്കൂൾതല വിദ്യാർഥികളാണ്. ഭക്ഷണവും കാലാവസ്ഥയും ഭാഷയുമെല്ലാം ആദ്യഘട്ടങ്ങളിൽ നേരിയരീതിയിൽ പ്രതിസന്ധിയായെങ്കിലും കൂട്ടായ ശ്രമങ്ങളിലൂടെ അതിനെയെല്ലാം തരണംചെയ്തു.
സർക്കാർ ഉദ്യോഗസ്ഥര്‍ ഉൾപ്പെടെയുള്ളവരുടെ മക്കൾ ഇതിലുണ്ട് എന്നത് മണിപ്പൂർ കലാപത്തിന്റെ തീവ്രത വെളിവാക്കുന്നു. ചെറുപ്പം മുതൽ ഫുട്ബോളിൽ മികവ് തെളിയിച്ച ഇവർക്ക് പരിശീലനത്തിനു മുടക്കം വരാതിരിക്കാനും സൗകര്യങ്ങളൊരുക്കാനും വകുപ്പ് ശ്രദ്ധിച്ചു. സംസ്ഥാനതല സുബ്രതോ ഫുട്ബാൾ ടൂർണമെന്റിൽ 17പേരും പ്രായമനുസരിച്ചുള്ള വിവിധ വിഭാഗങ്ങളിൽ പങ്കെടുത്തു. ശീലിച്ചുവന്ന പഠനരീതിയനുസരിച്ച് സിബിഎസ്‌ഇ സ്‌കൂളിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാകുന്നതിനിടയിലാണ് മണിപ്പൂരിൽനിന്നുള്ള ഉദ്യോഗസ്ഥൾ കുട്ടികളെ തിരികെ കൊണ്ടുപോകാനെത്തുന്നതെന്ന് സിഡബ്ലുസി ചെയർമാൻ സനൽ വെള്ളിമൺ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..