കൊല്ലം
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന റേഷൻകാർഡ് മസ്റ്ററിങ് ജില്ലയിൽ ഇതുവരെ 82.44 ശതമാനം പേർ പൂർത്തിയാക്കി. 13,06,693പേരാണ് മസ്റ്ററിങ് നടത്തേണ്ടത്. ഇതിൽ 10,77,263 പേർ പൂർത്തിയാക്കിയപ്പോൾ അവശേഷിക്കുന്നത് 2,29,430പേരാണ്.
കരുനാഗപ്പള്ളി താലൂക്കിൽ 1,82,827പേരും കൊല്ലം 4,08,233, കൊട്ടാരക്കര 2,27,318, കുന്നത്തൂർ 85,985, പത്തനാപുരം 63,703, പുനലൂർ 1,13,216പേരും ശനിയാഴ്‌ച വരെ മസ്‌റ്ററിങ് നടത്തി. മസ്‌റ്ററിങ് നവംബർ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചിരുന്നു. കാർഡ് ഉടമകൾ ജീവിച്ചിരുപ്പുണ്ടെന്നും ആനുകൂല്യങ്ങൾക്ക് അർഹരാണെന്നും ഉറപ്പുവരുത്തുന്നതിന് എഎവൈ (മഞ്ഞ), ബിപിഎൽ കാർഡുകാരാണ് (പിങ്ക്) ഇകെവൈസി മസ്റ്ററിങ് നടത്തേണ്ടത്. റേഷൻ വിതരണം നിർത്തിവച്ച് മസ്റ്ററിങ്ങിനായി പ്രത്യേക ക്യാമ്പ് തുടങ്ങിയതോടെയാണ് ആളുകൾ കൂടുതലായി എത്തിയത്. ഇതിനിടെ സെർവർ അടക്കമുള്ള സാങ്കേതിക പ്രശ്‌നവും ഉണ്ടായിരുന്നു.
തുടർന്ന് മഞ്ഞക്കാർഡ് ഉടമകൾക്കു മാത്രമാക്കി മസ്റ്ററിങ് നടപ്പാക്കിയതോടെ തിരക്ക് ഒഴിവായി. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങൾ എല്ലാവരും മസ്റ്ററിങ് നടത്തണം. അല്ലാത്തവർക്ക് ഏപ്രിൽ മുതൽ റേഷൻ ലഭിക്കില്ല എന്നാണ് അറിയിപ്പ്. ജില്ലയിൽ 3,33,858 ബിപിഎൽ കാർഡിലായി 11,48,376 അംഗങ്ങളും 48,121 എഎവൈ കാർഡിലായി 1,57,578അംഗങ്ങളുമാണുള്ളത്. ഉപഭോക്താക്കളുടെ ആധാർ കാർഡും റേഷൻ കാർഡും റേഷൻ കടകളിലെ ഇ –--പോസ് യന്ത്രം ഉപയോഗിച്ചാണ് മസ്റ്റർ ചെയ്യുന്നത്.
രാവിലെ എട്ടുമുതൽ രാത്രി ഏഴുവരെയാണ് ക്യാമ്പ്. ഏത് റേഷൻ കടയിലും മസ്റ്ററിങ് നടത്താം. കിടപ്പുരോഗികൾ, ശാരീരിക–- മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ ഉപഭോക്താക്കളുടെ വീടുകളിൽ എത്തി മസ്റ്ററിങ് നടത്തുന്നതിനും സൗകര്യമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..