കൊല്ലം
കാട്ടാനപ്പേടിയില്ലാതെ മലയോരത്തിന് ഇനി സമാധാനമായി കിടന്നുറങ്ങാം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി തെന്മല, അച്ചൻകോവിൽ വനം ഡിവിഷനിൽ കിടങ്ങും സൗരോർജവേലിയും തൂക്കുവേലിയും നിർമിക്കാൻ വനംവകുപ്പ് പദ്ധതി. ജനങ്ങളുടെ ജീവനും സ്വത്തിനും കാർഷികവിളകൾക്കും സംരക്ഷണം ഉറപ്പുവരുത്തി അവരെ വന്യജീവി ആക്രമണങ്ങളിൽനിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. തെന്മല ഡിവിഷനിലെ വിവിധ പ്രദേശത്തായി 8.1 കി.മീ ദൂരത്തിൽ ആനപ്രതിരോധ കിടങ്ങും 17കി.മീ ദൂരത്തിൽ സൗരോർജ വേലിയും നാല് കി.മീ ദൂരത്തിൽ സൗരോർജ തൂക്കുവേലിയുമാണ് നിർമിക്കുക. അച്ചൻകോവിൽ ഡിവിഷനിലെ വിവിധ പ്രദേശത്തായി 500മീറ്റർ ദൂരത്തിൽ ആനപ്രതിരോധ കിടങ്ങും 13 കി.മീ ദൂരത്തിൽ സൗരോർജ തൂക്കുവേലിയും നിർമിക്കും.
തെന്മല ഡിവിഷനിൽ നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് പ്രദേശത്തായി 1.68 കോടി രൂപ ചെലവഴിച്ച് കിടങ്ങും ഏഴ് പ്രദേശത്തായി 78.5 ലക്ഷം രൂപ ചെലവഴിച്ച് സൗരോർജ വേലിയും സൗരോർജ തൂക്കുവേലിയുമാണ് നിർമിക്കുന്നത്. പദ്ധതിയുടെ നിർമാണോദ്‌ഘാടനം തിങ്കൾ പകൽ 11ന് ആര്യങ്കാവ് പാലയ്ക്കൽ ഓഡിറ്റോറിയത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. പി എസ് സുപാൽ എംഎൽഎ അധ്യക്ഷനാകും. തെന്മല ഡിവിഷനിൽ പ്രവർത്തനം ആരംഭിച്ച ആർആർടിയ്ക്ക് പുതുതായി അനുവദിച്ച വാഹനവും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..