കൊല്ലം
എം ടി വാസുദേവൻനായരുടെ സിനിമാലോകത്തിന്റെ പൊൻതിളക്കത്തിൽ കൊല്ലവും. കൊല്ലം സ്വദേശികളായ രണ്ടുപേർ നിർമിച്ച സിനിമകൾക്ക് തിരക്കഥാകൃത്തും സംവിധായകനും എന്ന നിലയിൽ എം ടി കൈയൊപ്പ് ചാർത്തി. 1968ൽ പുറത്തിറങ്ങിയ അസുരവിത്തും 1983ൽ ഇറങ്ങിയ മഞ്ഞും. എം ടി എഴുതിയ നോവൽ അസുരവിത്ത് മനോജ് പിക്ചേഴ്‌സിന്റെ ബാനറിൽ ഉണ്ണിച്ചെക്കം വീട്ടിൽ എൻ മാധവൻനായരാണ് (മാധവൻകുട്ടി) നിർമിച്ചത്. എം ടി കഥയെഴുതി തിരക്കഥയും സംവിധാനവും നിർവഹിച്ച് ജനറൽ പിക്ചേഴ്‌സിന്റെ ബാനറിൽ കെ രവീന്ദ്രനാഥൻനായർ നിർമിച്ച സിനിമയാണ് മഞ്ഞ്.
മലയാളരാജ്യം വാരികയുടെ ഡയറക്ടർമാരിൽ ഒരാളായിരുന്ന എൻ മാധവൻനായരുടെ മകൻ മനോജിന്റെ പേരിലായിരുന്നു നിർമാണക്കമ്പനി. കെ ജി പരമേശ്വരൻപിള്ളയും കെ ജി ശങ്കറും സ്ഥാപിച്ച മലയാളരാജ്യം പത്രം, വാരിക എന്നിവ മാധ്യമരംഗത്തും ചിത്രവാരിക ചലച്ചിത്രമേഖലയിലും അന്ന് മുൻനിരയിലായിരുന്നു. ചിത്രവാരികയുടെ എഡിറ്ററായിരുന്നു മാധവൻനായർ. പ്രമുഖ എഴുത്തുകാരുമായി അടുത്ത് ഇടപഴകിയത് സിനിമാനിർമാണത്തിനു പ്രചോദനമായി. ചന്ദ്രതാര പരീക്കുട്ടിയാണ് അസുരവിത്തിന്റെ വിതരണം നിർവഹിച്ചത്. എൻ വിൻസന്റായിരുന്നു സംവിധായകൻ. ശാരദയും പ്രേംനസീറും നായികാനായകന്മാരായി. ചെന്നൈയിലെ വീട്ടിൽ ഭാര്യ പാർവതി മാധവനൊപ്പം വിശ്രമജീവിതം നയിക്കുകയാണ് ഇപ്പോൾ തൊണ്ണൂറുകാരനായ മാധവൻനായർ. എം ടിയുടെ അയൽവാസിയും കുടുംബസുഹൃത്തുമാണ് പാർവതി മാധവൻ.
മലയാളത്തിനു നിരവധി ക്ലാസിക് സിനിമകൾ സമ്മാനിച്ച നിർമാണക്കമ്പനി ജനറൽ പിക്ചേഴ്‌സിന്റെ 13–ാ-മത്തെ സിനിമയാണ് മഞ്ഞ്. ജനറൽ പിക്ചേഴ്‌സ് ഉടമ അന്തരിച്ച അച്ചാണി രവി എന്ന കെ രവീന്ദ്രനാഥൻനായരും പ്രൊഡക്‌ഷൻ കൺട്രോളർ രാജശേഖരൻനായരും ഒരുമിച്ച് കോഴിക്കോട് എം ടിയുടെ വീട്ടിലെത്തി മഞ്ഞ് സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. താൻ തന്നെ തിരക്കഥയും സംവിധാനവും നിർവഹിക്കാമെന്ന് എം ടി അറിയിക്കുകയായിരുന്നുവെന്ന് രാജശേഖരൻനായർ ഓർക്കുന്നു. നൈനിത്താളിലായിരുന്നു ഷൂട്ടിങ്. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ പുറത്തിറങ്ങിയ മഞ്ഞിൽ സംഗീത നായിക്, നന്ദിതാബോസ്, ഇന്ദിര, ശങ്കർമോഹൻ, ദേശ് മഹേശ്വരി എന്നിവർ പ്രധാന അഭിനേതാക്കളായി. ഷാജി എൻ കരുണായിരുന്നു ഛായാഗ്രഹണം. ഹിന്ദിയിൽ ശരത്‌സന്ധ്യ എന്നായിരുന്നു സിനിമയുടെ പേര്. ഡബ്ബിങ് ഉൾപ്പെടെ ജോലികൾക്കായി മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ മൂന്നുമാസം താമസിച്ചിരുന്നതായും രാജശേഖരൻനായർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..