23 December Monday

ആക്രോശങ്ങൾക്കു നടുവിൽ തലകുനിച്ച്‌ സൂരജ്‌

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

 അടൂർ 

ഉത്രവധക്കേസിൽ ഒന്നാം  പ്രതിയായ ഭർത്താവ്‌ സൂരജിനെ സ്വന്തം വീടായ അടൂർ പറക്കോട് വടക്ക് കാരയ്ക്കൽ ശ്രീസൂര്യയിൽ തെളിവെടുപ്പിന്‌ എത്തിച്ചപ്പോൾ നടന്നത്‌‌ ‌നാടകീയ രംഗങ്ങൾ. വിവരമറിഞ്ഞ്‌ രാവിലെ മുതൽതന്നെ വൻ ജനക്കൂട്ടം‌ വീടിനു‌ സമീപം സ്ഥാനം പിടിച്ചിരുന്നു‌.
 ആകാംക്ഷയ്‌ക്ക്‌ വിരാമമിട്ട്‌ വൻ പൊലീസ് അകമ്പടിയിൽ‌ പകൽ 11ന്‌ സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും കൊണ്ടുവന്നു‌‌‌. കൊടും ക്രൂരത കാട്ടിയ പ്രതിയെ കൂക്കിവിളിച്ചും ആക്രോശങ്ങൾ ചൊരിഞ്ഞുമാണ്‌ നാട്ടുകാർ വരവേറ്റത്‌. 
എന്നാൽ, കുറ്റബോധത്തിന്റെ ചെറുലാഞ്‌ഛനപോലും ഇല്ലാതെ സൂരജ്‌ തലതാഴ്‌ത്തി‌ അവർക്കിടെയിലൂടെ നടന്നു‌. ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തിന്‌ ആദ്യം  ഉത്ര പാമ്പിനെക്കണ്ട  വീടിനുള്ളിലെ പടിക്കെട്ട്‌  സൂരജ്‌ കാട്ടിക്കൊടുത്തു.
 പടിക്കെട്ടു വഴി മുകളിലത്തെ മുറിയിൽ എത്തിച്ച് അരമണിക്കൂറോളം അവിടെ തെളിവെടുത്തു. ശേഷം അടുക്കള ഭാഗത്തുകൂടി  പുറത്തെത്തിച്ച്‌  ചാക്കിൽകെട്ടി പാമ്പിനെ എറിഞ്ഞ സ്ഥലവും കാട്ടിക്കൊടുത്തു.  
തിരികെ  ഹാളിൽ എത്തിച്ച് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യൽ. ഇതിനിടെ അമ്മ രേണുകയ്ക്കും സഹോദരി സൂര്യയ്ക്കും സൂരജിനെ കാണാനും അവസരം നൽകി. 
അമ്മയെ കണ്ടതോടെ അത്രയും നേരം കാട്ടിയ നിസ്സംഗത വിട്ട്‌ സൂരജ്‌ പൊട്ടിക്കരഞ്ഞു.  ഇതോടെ അമ്മയെയും സഹോദരിയെയും അവിടെനിന്നു മാറ്റി. അച്ഛൻ സുരേന്ദ്രൻ ഒന്നും മിണ്ടാതെ സമീപത്തുതന്നെ നിന്നു.  പന്ത്രണ്ടോടെ തിരികെ ജീപ്പിൽ കയറ്റിയതോടെ താൻ തെറ്റു‌ ചെയ്‌തിട്ടില്ലെന്ന്‌ സൂരജ്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു. 
സുരേഷും ഇതു തന്നെ ആവർത്തിച്ചു.  സൂരജ് ജോലിചെയ്യുന്ന അടൂരിലെ സ്വകാര്യ സ്ഥാപനത്തിനു മുന്നിലും പൊലീസ്‌ ജീപ്പ്‌ നിർത്തി വിവരം ശേഖരിച്ചു. 
തുടർന്ന്‌ സുരേഷ് പാമ്പിനെ സൂരജിനു കൈമാറിയ ഏനാത്ത് പാലത്തിനടുത്തും  പ്ലാസ്റ്റിക് ജാർ വാങ്ങിയ കടയിലുമെത്തി വിവിരങ്ങൾ ശേഖരിച്ച ശേഷം 12. 30 ഓടെ സംഘം കൊട്ടാരക്കരയിലേക്ക് മടങ്ങി‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top