കരുനാഗപ്പള്ളി
കാപ്പാ നിയമം ലംഘിച്ച് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ്‌ചെയ്തു. പാവുമ്പ മണപ്പള്ളി തെക്ക് ഭഗവതിവിളയിൽ ബിനിൽ (27, മോനച്ചൻ) ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 29 മുതൽ ആറു മാസത്തേയ്ക്ക് ഇയാളെ കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് കാപ്പാ നിയമപ്രകാരം പുറത്താക്കി തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് പ്രതി കൊല്ലം ജില്ലയിൽ പ്രവേശിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌ചെയ്തത്. കാപ്പാ നിയപ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയിട്ടുള്ളവരെ നിരീക്ഷിക്കുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം സ്‌പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. 2018 മുതൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മൂന്നു ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു വർഷക്കാലത്തേക്ക് നല്ലനടപ്പിന് കൊല്ലം സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ സമാധാന ബോണ്ട് സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ബോണ്ട് നിലവിലിരിക്കെ വീണ്ടും ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചത്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ നിസാമുദീന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ഷാജിമോൻ, എഎസ്ഐ ജയകൃഷ്ണൻ, എസ് സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..