23 December Monday
ജില്ലാ പഞ്ചായത്ത്

ശുചിമുറി മാലിന്യ സംസ്കരണത്തിന് മൊബൈൽ യൂണിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
കൊല്ലം
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിമുറി മാലിന്യ സംസ്കരണത്തിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ യൂണിറ്റുകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് പി കെ ഗോപൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് യോഗത്തിൽ അധ്യക്ഷതവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികൾ, സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുഇടങ്ങളിലെ മാലിന്യ സംസ്കരണത്തോടൊപ്പം സ്വകാര്യവ്യക്തികൾക്ക് നിശ്ചിത ഫീസ് നൽകി വീടുകളിലെ ശുചിമുറി മാലിന്യം സംസ്കരിക്കാവുന്ന സംവിധാനമാണിത്. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ അംഗീകാരവും ഈ നൂതന സംവിധാനത്തിനുണ്ട്. ആദ്യഘട്ടത്തിൽ മൂന്നു മൊബൈൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഗ്രാമ–-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ്  പദ്ധതി നടപ്പാക്കുക.
കുരിയോട്ടുമല ഫാമിൽ എബിസി സെന്റർ നിർമിക്കുന്നതിനുള്ള പദ്ധതി സംയുക്തമായി ഏറ്റെടുക്കും. എബിസി സെന്റർ യാഥാർഥ്യമാകുന്നതോടെ  പഞ്ചായത്തുകൾ എബിസി പദ്ധതിക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി പ്രത്യേക പദ്ധതി ഏറ്റെടുക്കേണ്ടി വരില്ല. പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം ആഗസ്തിൽ ആരംഭിക്കും. ഇ എം എസിന്റെ സ്മരണാർഥം സ്റ്റേഡിയത്തിന് ഇ എം എസ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയം എന്നു പേര് നൽകും. കുരിയോട്ടുമല ഫാമിൽ സംസ്ഥാനതലത്തിൽ റസിഡൻഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനുള്ള ഓഡിറ്റോറിയത്തിന്റെയും ഡോർമെറ്ററി സംവിധാനത്തിന്റെയും നിർമാണം ആഗസ്തിൽ ആരംഭിക്കുമെന്നും പി കെ ഗോപൻ അറിയിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരം സമിതി അധ്യക്ഷരായ ജെ നജീബത്ത്, വസന്താ രമേശ്, കെ അനിൽകുമാർ, അനിൽ എസ് കല്ലേലിഭാഗം എന്നിവർ സംസാരിച്ചു. സി പി സുധീഷ്‌കുമാർ, ബ്രിജേഷ് എബ്രഹാം, സുമലാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top