കൊല്ലം> നിർദിഷ്‌ട കൊല്ലം –- തേനി ദേശീയപാത 183 നാലുവരിയോ (24 മീറ്റർ വീതി) രണ്ടുവരിയോ (16 മീറ്റർ) എന്ന് നവംബർ 22ന് കൊല്ലത്ത് ചേരുന്ന കൺസൾട്ടേഷൻ കമ്മിറ്റി യോഗം തീരുമാനിക്കും. ഈ രണ്ടു നിർദേശങ്ങളാണ് ദേശീയപാത വിഭാഗത്തിന്റെ കൈവശമുള്ളത്. ഇതിൽ കൊല്ലം ഹൈസ്‌കൂൾ ജങ്ഷൻ മുതൽ 16 മീറ്ററിൽ രണ്ടുവരിപ്പാതയും പെരിനാട് മുതൽ ഭരണിക്കാവ് വരെ ബൈപ്പാസും എന്ന നിർദേശമാണ് ആദ്യം ജനപ്രതിനിധികൾക്കു മുമ്പാകെ ദേശീയപാത വിഭാഗം അവതരിപ്പിച്ചത്.
ഭരണിക്കാവ് ജങ്ഷനിൽ ഫ്ലൈഓവറും നിർദേശിച്ചിരുന്നു. പിന്നീട് ഫ്ലൈഓവർ നിർമാണം ഉപേക്ഷിക്കുകയും റോഡ് നവീകരണം ഹൈസ്‌കൂൾ ജങ്ഷനു പകരം കൊല്ലം ബൈപാസിൽ കടവൂരിൽനിന്ന് മതിയെന്ന് തിരുത്തുകയുംചെയ്‌തു. എന്നാൽ, കഴിഞ്ഞദിവസം കലക്‌ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് നാലുവരിപ്പാത നിർദേശം ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ മുന്നോട്ടുവച്ചത്. ഈ നിർദേശത്തിൽ പെരിനാട് മുതൽ ഭരണിക്കാവുവരെ ബൈപ്പാസില്ല. പെരിനാടുനിന്ന് കുണ്ടറ ഇളമ്പള്ളൂർ വഴി ദേശീയപാത ഭരണിക്കാവിൽ എത്തും.പാത ആരംഭിക്കുന്നത് കൊല്ലം ഹൈസ്‌കൂൾ ജങ്ഷനിൽനിന്നായിരിക്കും.
നാലുവരി, രണ്ടുവരിപ്പാതകളുടെ സാധ്യതകൾ നോക്കിയാവും കൺസൾട്ടേഷൻ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. സാധ്യതകൾ സംബന്ധിച്ച് ദേശീയപാത വിഭാഗം യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതിനായി വിശദമായ നിർദേശം തയ്യാറാക്കാൻ അലൈൻമെന്റ് തയാറാക്കിയ കൺസൾട്ടന്റ് ഏജൻസിയായ ശ്രീകണ്ഠേശ്വരയെ ദേശീയപാത വിഭാഗം ചുമതലപ്പെടുത്തി. നാലുവരിക്കാണ് ദേശീയപാത വിഭാഗം മുൻഗണന നൽകുന്നത്. ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ നാലുവരിയാണ് ഉപകരിക്കുകയെന്നാണ് നിഗമനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും നാലുവരിപ്പാതയോടാണ് താൽപ്പര്യം. നാലുവരി സാധാരണ 45, 30 മീറ്റർ വീതിയിലാണ് ഗതാഗത മന്ത്രാലയം പരിഗണിക്കുക. എന്നാൽ, കൊല്ലം–-തേനി പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനസാന്ദ്രത പരിഗണിച്ച് 24 മീറ്റർ വീതിയിൽ നാലുവരി നിർമിക്കാനാണ് നിർദേശം.
പ്രതിദിനം 10,000 വാഹനങ്ങൾ
കൊല്ലം> നിർദിഷ്‌ട കൊല്ലം–-തേനി ദേശീയപാതയിൽ പ്രതിദിനം ഇരുവശത്തേക്കും കടന്നുപോകുന്നത് ശരാശരി പതിനായിരം വാഹനങ്ങൾ. കുണ്ടറ ഇളമ്പള്ളൂർ, ഭരണിക്കാവ് തുടങ്ങിയ നാലു പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ദേശീയപാത വിഭാഗം നടത്തിയ പിസിയു (പാസഞ്ചർ കാർ യൂണിറ്റ്) സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേത്തുടർന്നാണ് രണ്ടുവരിക്കു പകരം നാലുവരിപ്പാത നിർദേശിക്കപ്പെട്ടത്. 24 മീറ്റർ വീതിയിൽ നിർമിക്കുന്ന നാലുവരിപ്പാതയുടെ മധ്യത്തിൽ മീഡിയൻ ഉണ്ടാവും. അതിനാൽ വാഹനങ്ങൾക്ക് അതിവേഗം കടന്നുപോകാനാകും. 16 മീറ്റർ വീതിയിലെ രണ്ടുവരിപ്പാത നിലവിലെ ഗതാഗത സൗകര്യം വേണ്ടത്ര വർധിപ്പിക്കില്ലെന്നും ദേശീതപാത വിഭാഗം ചൂണ്ടിക്കാട്ടുന്നു.
Highlights : അന്തിമതീരുമാനം നവംബർ 22ലെ കൺസൾട്ടേഷൻ കമ്മിറ്റി യോഗത്തിൽ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..