കൊല്ലം
ജില്ലയിൽ അഞ്ച് പഞ്ചായത്തിലായി ആറ് വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ ആരവത്തിൽ. പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ എട്ടാം വാർഡായ നടുവിലക്കര, കുന്നത്തൂരിലെ തെറ്റുമുറി (5), ഏരൂരിലെ ആലഞ്ചേരി (17), തേവലക്കരയിലെ കോയിവിളതെക്ക് (12), പാലയ്‌ക്കൽ വടക്ക് (22), ചടയമംഗലത്തെ പൂങ്കോട് (5) വാർഡിൽ ഡിസംബർ 10നാണ് ഉപതെരഞ്ഞെടുപ്പ്. സ്ഥാനാർഥികളുടെ പ്രചാരണം ചൂടുപിടിച്ചു. വാർഡ് കൺവൻഷനുകൾ പൂർത്തിയായി.
നടുവിലക്കരയിൽ യുഡിഎഫ് അംഗമായിരുന്ന ബിന്ദു മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥിയായി സിന്ധു കോയിപ്പുറം (സിപിഐ)മത്സരിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി അഖിലയും ബിജെപിയിൽനിന്ന് ധന്യയും മത്സരരംഗത്തുണ്ട്. 589 സ്ത്രീകളും 488പുരുഷന്മാരും ഉൾപ്പെടെ 1077വോട്ടർമാർ. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 14 വാർഡാണുള്ളത്. എൽഡിഎഫ് –-എട്ട്, യുഡിഎഫ് –നാല്, ബിജെപി –-ഒന്ന്.
തെറ്റുമുറിയിൽ ബിജെപി അംഗം അമൽരാജ് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥിയായി എൻ തുളസി (സിപിഐ എം) മത്സരിക്കുന്നു. യുഡിഎഫിൽനിന്ന് അഖിൽ പൂലേതും ബിജെപിയിൽനിന്ന് സുരേഷ് തച്ചയ്യന്റത്തും. ആകെ 1102 വോട്ടർമാർ. എൽഡിഎഫ് (എട്ട്), യുഡിഎഫ് (മൂന്ന്), ബിജെപി (നാല്) സ്വതന്ത്രൻ (ഒന്ന്)എന്നിങ്ങനെയാണ് കക്ഷിനില.
കോയിവിള തെക്ക് കോൺഗ്രസ് അംഗം ടെൽമാ മേരി വിദേശത്തേക്ക് പോയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥിയായി അജിത സാജൻ (സിപിഐ എം), യുഡിഎഫിൽനിന്ന് ബി സാന്ദ്ര, ബിജെപിയിലെ സിനു സുനിൽ എന്നിവർ മത്സരിക്കുന്നു. 1473 വോട്ടർമാരാണ് ആകെയുള്ളത്.
പാലയ്ക്കൽ വടക്ക് സിപിഐ എമ്മിലെ ബീനാ റഷീദ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥിയായി സുബിന ഷെമീർ (സിപിഐ എം) , യുഡിഎഎഫിൽനിന്ന് ബിസ്‌മി അനസും ബിജെപിയിൽനിന്ന് ആർ നിത്യയും മത്സരിക്കുന്നു. യുഡിഎഫ് ഭരിക്കുന്ന തേവലക്കര പഞ്ചായത്തിലെ 23 അംഗ ഭരണസമിതിയിൽ എൽഡിഎഫ് എട്ട്, യുഡിഎഫ് 12, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 2076 വോട്ടർമാരാണ് ആകെയുള്ളത്.
പൂങ്കോട് വാർഡിൽ സിപിഐ എം അംഗമായ ശ്രീജയ്ക്ക് ജോലി ലഭിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ഗ്രീഷ്‌മ ചൂഡൻ മത്സരിക്കുന്നു. യുഡിഎഫിൽനിന്ന് ഉഷാബോസും ബിജെപിയിൽനിന്ന് ലേഖാ രാജേഷും. 600 വനിതകളും 500പുരുഷന്മാരും ഉൾപ്പെടെ 1100 വോട്ടർമാർ. എൽഡിഎഫ് ഭരിക്കുന്ന ചടയമംഗലം പഞ്ചായത്തിൽ സിപിഐ എം –അഞ്ച്, സിപിഐ –-അഞ്ച് , കോൺഗ്രസ്–-രണ്ട്, ബിജെപി–-രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
ആലഞ്ചേരിയിൽ സിപിഐ എം പ്രതിനിധിയായ അജിമോൾ വിദേശത്ത് പോയതിനെത്തുടർന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്ഥാനാർഥി എസ് ആർ മഞ്ജു. യുഡിഎഫിൽനിന്ന് അന്നമ്മ (സുജാ വിത്സൺ), ബിജെപിയിൽനിന്ന് എം ഷൈനി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ സിപിഐ എം –ആറ്, സിപിഐ –-7 , യുഡിഎഫ് –രണ്ട് , ബിജെപി–മൂന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 984 സ്ത്രീകളും 839 പുരുഷന്മാരും ഉൾപ്പടെ 1823 വോട്ടർമാരാണ് ആകെയുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..