കൊല്ലം > ശാന്തരൂപിയായ ലളിതാംബികയുടെ തൂലിക വാക്കുകളെ അഗ്നിയാക്കി. ഒരു കാലത്തിന്റെ അസമത്വത്തെയും അനീതികളെയും വാക്കുകള്‍ കൊണ്ട് നിശിതമായി ആക്രമിച്ചു. ഓരോ രചനയിലും മനുഷ്യസ്നേഹവും അനീതികള്‍ക്കെതിരായ രോഷവും അലയടിച്ചുയര്‍ന്നു. രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ പ്രിയ എഴുത്തുകാരിക്ക് ജന്മനാട്ടില്‍ സ്മാരകം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരും പുരോഗമന പ്രസ്ഥാനവും. മലയാള സാഹിത്യത്തിന് കൊല്ലം ജില്ല നല്‍കിയ വിലമതിക്കാനാവാത്ത ദാനമാണ് ലളിതാംബിക.
1909 ല്‍ പത്തനാപുരം താലൂക്കിലെ കോട്ടവട്ടം തേന്‍കുന്നത്ത് മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ മകളായാണ് കേരളത്തിന്റെ പ്രിയ എഴുത്തുകാരി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം മഠത്തില്‍ തന്നെയായിരുന്നു. എല്ലാ സൌകര്യങ്ങളൂം ഉള്ള ബ്രാഹ്മണകുടുബത്തിലായിരുന്നു ജിവിതമെങ്കിലും അതിന്റെ സൌഭാഗ്യങ്ങളില്‍ മതിമയങ്ങാതെ പുറത്തുള്ള സമൂഹത്തിലെ മനുഷ്യദുരിതങ്ങളിലാണ് അവരുടെ കണ്ണും മനസ്സും ഉറച്ചത്. 'അഗ്നിസാക്ഷി'യടക്കം മുപ്പതിലേറെ കൃതികള്‍ ലളിതാംബിക അന്തര്‍ജനം രചിച്ചു.
ജന്മനാടായ കോട്ടവട്ടത്ത് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാരകം നിര്‍മ്മിക്കുന്നത്. ഇതിനായി കെ ബി ഗണേഷ്കുമാര്‍ എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. അഞ്ച് മാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. കോട്ടവട്ടം വായനശാലയോടു ചേര്‍ന്നാണ് സ്മരക നിര്‍മ്മാണം. കൂടാതെ സാഹിത്യരചനകളുടെ റഫറന്‍സ് ലൈബ്രറിയും ഇതില്‍ ഉള്‍പ്പെടുത്തും.
സ്ത്രീകള്‍ക്ക് സ്വാതന്ത്യ്രം അനാവശ്യമെന്ന് കരുതിയ സമുദായത്തിലെ യാഥാസ്ഥിതിക നേതൃത്വത്തിനെതിരായ ഒറ്റയാള്‍ പോരാട്ടമായിരുന്നു ലളിതാംബികയുടേത്. വി ടിയുടെയും ഇഎംഎസിന്റെയും നേതൃത്വത്തില്‍ നമ്പൂതിരി സമുദായത്തിനുള്ളില്‍ നടന്ന പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കു സമാന്തരമായി സ്വാതന്ത്യ്രത്തിനും സ്ത്രീയുടെ അവകാശങ്ങള്‍ക്കും വേണ്ടി അവര്‍ നടത്തിയ പോരാട്ടം രചനകളിലൂടെയായിരുന്നു. അത് യാഥാസ്ഥിതിക കോട്ടകൊത്തളങ്ങളെ വിറപ്പിച്ച ഇടിമുഴക്കങ്ങളായി. സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ളീഷിലും അവര്‍ പരിജ്ഞാനം നേടി . സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയില്‍ പ്രവര്‍ത്തിച്ചു.
സീത മുതല്‍ സാവിത്രി വരെ എന്ന പഠനവും ആത്മകഥയ്ക്ക് ഒരാമുഖം എന്ന ആത്മകഥയും ലളിതാംബിക അന്തര്‍ജനത്തിന്റെ സ്യഷ്ടികളാണ്. 1973 ല്‍ 'സീത മുതല്‍ സത്യവതി വരെ' എന്ന പഠന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 'കുഞ്ഞോമന' എന്ന ബാലസാഹിത്യ കൃതിക്ക് 1964 ല്‍ കല്യാണി കൃഷ്ണമേനോന്‍ പ്രൈസും 'ഗോസായി പറഞ്ഞ കഥ'യ്ക്ക് 1965 ല്‍ കേരള സാഹിത്യ അക്കാദമി സമ്മാനവും ലഭിച്ചു. 'അഗ്നിസാക്ഷി' എന്ന ഏക നോവലിന് 1977 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം , ആദ്യത്തെ വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി' എന്ന നോവല്‍. ഇത് പിന്നീട് സംവിധായകന്‍ ശ്യാമപ്രസാദ് സിനിമ ആക്കി. 1987 ഫെബ്രുവരി ആറിന് വിടവാങ്ങിയെങ്കിലും മലയാളസാഹിത്യത്തിലെ അനശ്വരസാന്നിധ്യമായി ഇന്നും അനുവാചകരുടെ മനസ്സില്‍ ജീവിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..