23 December Monday
ഫ്ലോട്ടിങ് സോളാർ പദ്ധതി

പടിഞ്ഞാറെ കല്ലടയിൽ സർവേ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

പടിഞ്ഞാറെ കല്ലടയിൽ ഫ്ലോട്ടിങ്‌ സോളാർ പദ്ധതി നടപ്പാക്കുന്ന സ്ഥലത്ത് സർവേ നടത്തുന്നു

ശാസ്താംകോട്ട
പടിഞ്ഞാറെ കല്ലട ഫ്ലോട്ടിങ് സോളാർ പദ്ധതി നിർമാണോദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നിർമാണ ഏജൻസിയായ എൻഎച്ച്‌പിസിയും ടെൻഡർ ഏറ്റെടുത്തിട്ടുള്ള അപ്പോളോ കമ്പനിയും ചേർന്ന്‌ സർവേ നടപടികൾ ആരംഭിച്ചു. നിർദിഷ്ട പ്രദേശത്ത്‌ സർവേയ്‌ക്ക് തടസ്സമായി സ്ഥാപിച്ചിട്ടുള്ള മീൻവലകൾ ഉടമകൾ മാറ്റിനൽകണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണൻ അഭ്യർഥിച്ചു.
300കോടി രൂപ ചെലവഴിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമിടുന്നതാണ് പടിഞ്ഞാറെ കല്ലടയിലെ ഫ്ലോട്ടിങ്ങ് സോളാർ പദ്ധതി. സ്വകാര്യ വ്യക്തികളുടെയും പഞ്ചായത്തിന്റെയും ഉടമസ്ഥതയിലുള്ള പടിഞ്ഞാറെ കല്ലടയിലെ വെള്ളക്കെട്ടായി മാറിയ 350ഏക്കർ പാടശേഖരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ഏറ്റവും വലിയ സോളാർ പദ്ധതിയാണ് യാഥാർഥ്യമാകാൻ ഒരുങ്ങുന്നത്. പദ്ധതി നടപ്പാക്കുന്ന മുണ്ടകപ്പാടത്തെ 350 ഏക്കറിൽ അമ്പത്‌ ഏക്കറും പഞ്ചായത്തിന്റേതാണ്‌. ബാക്കി വസ്‌തു ഉടമകൾ കർഷകരാണ്‌. വസ്‌തു ഉടമകൾക്ക്‌ പദ്ധതി ലാഭവിഹിതത്തിന്റെ നാലുശതമാനം ലഭിക്കും. കർഷകർ അടങ്ങുന്ന വെസ്റ്റ് കല്ലട നോൺ കൺവൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് 25 വർഷത്തേക്ക് ഭൂമി എൻഎച്ച്പിസിക്ക് പാട്ടത്തിന്‌ ഏറ്റെടുത്തു നൽകിയത്. കമ്പനിയിൽ കർഷകരുടെ പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമാണ്‌ ഡയറക്ടർമാർ. എട്ടുമാസത്തിനുള്ളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുകയും ഒരു വർഷത്തിനുള്ളിൽ വൈദ്യുതി കൈമാറ്റം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഛത്തീസ്ഗഡ് ആസ്ഥാനമായ അപ്പോളോ കമ്പനിക്കാണ് നിർമാണച്ചുമതല. ഇവർക്ക് വർക്‌ ഓർഡർ ലഭിക്കുന്നതോടെ നിർമാണവും ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top