22 November Friday

തീരവും വിനോദസഞ്ചാരവും സുരക്ഷിതമാകും

സ്വന്തം ലേഖകൻUpdated: Sunday Sep 29, 2024

 

കൊല്ലം
തീരദേശ സംരക്ഷണത്തിനും വിനോദസഞ്ചാരത്തിനും കൊല്ലം ബീച്ചിൽ ഓഫ്‌ഷോർ ബ്രേക്ക്‌ വാട്ടർ പദ്ധതി നടപ്പാകും. ചെലവ്‌ കുറഞ്ഞതും പാരിസ്ഥിക സൗഹൃദവുമായ പദ്ധതി അഞ്ചുമീറ്റർ ആഴമുള്ള കടൽഭാഗത്ത്‌ ജിയോ ട്യൂബുകൾ നിക്ഷേപിച്ചാണ്‌ നടപ്പാക്കുന്നത്‌. നൂറുമീറ്റർ അകലത്തിൽ തീരത്തിന്‌ സമാന്തരമായാണ്‌ ട്യൂബുകൾ നിക്ഷേപിക്കുക. ഇതോടെ കൊല്ലം ബീച്ചിൽ സുരക്ഷിതമായ വിനോദസഞ്ചാരത്തിനും വഴിതെളിയും. വെടിക്കുന്ന്‌ മുതൽ കൊല്ലം ബീച്ചുവരെ 1.8 കിലോമീറ്ററിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഇതിൽ വെടിക്കുന്ന്‌ ഭാഗത്ത്‌ തീരസംരക്ഷണത്തിന്‌ ഗ്രോയിൻസാണ്‌ ഉപയോഗിക്കുക. കൊല്ലം ബീച്ച്‌ ഭാഗത്ത്‌ 800മീറ്റർ നീളത്തിൽ ജിയോ ട്യൂബുകളും ഉപയോഗിക്കും. ഇവിടെയാണ്‌ വിനോദസഞ്ചാരത്തിന്‌ അപകടരഹിതമായ ബീച്ച്‌ രൂപപ്പെടുത്തുക. ജിയോ ട്യൂബുകൾ നിറയ്‌ക്കുന്നത്‌ മണൽ ഉപയോഗിച്ചാകും. പൂന്തുറയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ്‌ ജിയോ ട്യൂബ്‌ ഉപയോഗിച്ചുള്ള ഓഫ്‌ഷോർ ബ്രേക്ക്‌ വാട്ടർ പദ്ധതി. 
ഒരു ജിയോ ട്യൂബിന്‌ 200ടൺ ഭാരവും മൂന്നുമീറ്റർ വ്യാസവും 20മീറ്റർ നീളവുമുണ്ട്‌. ആകെ 120 ജിയോ ട്യൂബാണ്‌ വേണ്ടിവരുന്നത്‌. കടലിൽ രണ്ടുനിരയായാണ്‌ ട്യൂബുകൾ സ്ഥാപിക്കുക. ഇവ കടലിലെ ജലനിരപ്പിൽനിന്ന്‌ ഒന്നരമീറ്റർ താഴ്‌ന്നാകും കിടക്കുക. ശക്തമായ തിരമാലകളെ തടഞ്ഞുനിർത്താനുള്ള ശേഷി ഉണ്ടെന്നുള്ളതാണ്‌ ജിയോ ട്യൂബുകളുടെ പ്രത്യേകത. എത്ര വലിയ തിരമാലകളെയും തടയുമെന്നുള്ളത്‌ തീരസംരക്ഷണവും ഒപ്പം വിനോദസഞ്ചാരികളുടെ സുരക്ഷയും ഒരുപോലെ  ഉറപ്പാക്കുന്നു. ജിയോ ട്യൂബുകൾ സമുദ്രത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നു. യാനങ്ങൾക്ക്‌ യഥേഷ്ടം സഞ്ചരിക്കാനുമാകും. കൊല്ലം ബീച്ചിൽ ഓഫ്‌ഷോർ ബ്രേക്ക്‌ വാട്ടർ പദ്ധതിക്ക്‌ സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനയാണ്‌ നൽകിയിട്ടുള്ളത്‌. ഏകദേശം 25കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. കൊല്ലം കോർപറേഷൻ ബജറ്റിൽ പത്തുകോടി രൂപ നേരത്തെ വകയിരുത്തിയിട്ടുണ്ട്‌. തീരദേശ വികസന കോർപറേഷനാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 
ജിയോ ട്യൂബുകൾ ചൈനയിൽനിന്നോ മലേഷ്യയിൽനിന്നോ ഇറക്കുമതി ചെയ്യാനാണ്‌ ആലോചന. തിരമാലകൾ, ഭൂപ്രകൃതി, കടൽമണലിന്റെ സ്വഭാവം, ചലനം, വർഷങ്ങളായി കടലിൽ ഉണ്ടായ വ്യതിയാനം എന്നിവയെല്ലാം പഠനവിധേയമാക്കിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. സർക്കാരിന്റെ ഭരണാനുമതി ലഭിച്ചാൽ തീരദേശ വികസന കോർപറേഷൻ ടെൻഡർ നടപടിയിലേക്കു കടക്കും. സംസ്ഥാനത്തെ മറ്റ്‌ ബീച്ചിൽനിന്നു വ്യത്യസ്‌തമായി കൊല്ലം തീരത്തിന്‌ നാലുമീറ്റർ ആഴമാണുള്ളത്‌. തീരം ശാന്തമാണെങ്കിലും ആഴക്കൂടുതലുള്ളതിനാൽ ഇവിടെ കാൽതെറ്റി വീഴുന്നവർക്ക്‌ തിരികെക്കയറാൻ കഴിയാറില്ല. പത്ത്‌ വർഷത്തിനുള്ളിൽ 75പേരുടെ ജീവനാണ്‌ തിരയെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top