23 December Monday

റവന്യു ജില്ലാ സ്‌കൂൾ 
ശാസ്‌ത്രോത്സവം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024
കൊല്ലം
റവന്യു ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്‌ ചൊവ്വാഴ്‌ച തുടക്കമാകും. ശാസ്‌ത്രം, ഗണിതശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, പ്രവൃത്തിപരിചയം, ഐടി ജില്ലാ മേളകളും വൊക്കേഷണൽ എക്‌സ്‌പോയുമാണ്‌ രണ്ടു ദിവസങ്ങളിലായി നാലു സ്‌കൂളുകളിൽ നടക്കുക. സെന്റ്‌ ജോസഫ്‌, ക്രിസ്‌തുരാജ്‌, വിമലഹൃദയ, സെന്റ്‌ അലോഷ്യസ്‌ എച്ച്‌എസ്‌എസുകളിലാണ്‌ മേള.
ചൊവ്വ രാവിലെ പത്തിന്‌ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ശാസ്‌ത്രോത്സവം ഉദ്‌ഘാടനംചെയ്യും. എം മുകേഷ്‌ എംഎൽഎ അധ്യക്ഷനാകും. സമാപനസമ്മേളനം ബുധൻ വൈകിട്ട്‌ ആറിന്‌ സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസിൽ മേയർ പ്രസന്ന ഏണസ്റ്റ്‌ ഉദ്‌ഘാടനംചെയ്യും. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനാകും. 29ന്‌ സെന്റ്‌ അലോഷ്യസ്‌ എച്ച്‌എസ്‌എസിൽ നടക്കുന്ന വൊക്കേഷണൽ എക്സ്‌പോ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഗോപൻ ഉദ്‌ഘാടനംചെയ്യും. കലക്ടർ എൻ ദേവിദാസ്‌ മുഖ്യപ്രഭാഷണം നടത്തും. ശാസ്‌ത്രം, പ്രവൃത്തിപരിചയ മേളകൾ 29ന്‌ ക്രിസ്‌തുരാജ്‌ എച്ച്‌എസ്‌എസിലാണ്‌. ഗണിതശാസ്‌ത്രമേള 29നും സാമൂഹ്യശാസ്‌ത്രമേള 30നും സെന്റ്‌ ജോസഫ്‌ കോൺവെന്റ്‌ എച്ച്‌എസ്‌എസിലും ഐടി മേള 29നും 30നുമായി വിമലഹൃദയ എച്ച്‌എസ്‌എസിലും നടക്കും.
സയൻസ് മേളയിൽ 20 ഇനങ്ങളിലായി 510 കുട്ടികളും പ്രവൃത്തിപരിചയമേളയിൽ 34 ഇനങ്ങളിലായി 1632 കുട്ടികളും പങ്കെടുക്കും. സാമൂഹ്യശാസ്‌ത്ര മേളയിൽ 10 ഇനങ്ങളിലായി 336 കുട്ടികളും ഗണിതമേളയിൽ 11 ഇനങ്ങളിലായി 400 കുട്ടികളും ഐടി മേളയിൽ 500 കുട്ടികളും മാറ്റുരയ്ക്കും. മേളയിൽ ഹരിതകർമസേനയുടെ സേവനവും ആരോഗ്യവകുപ്പിന്റെ സേവനവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ ഐ ലാൽ, ചെയർമാൻ എ  നൗഷാദ്, പബ്ലിസിറ്റി കൺവീനർ -ഖുർഷിദ്, വൈസ് ചെയർമാൻ എസ് അഹമ്മദ് ഉഖൈൽ, ജോയിന്റ്‌ കൺവീനർ- ഷഫീഖ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top