29 October Tuesday

കലക്ടറേറ്റ്​ ബോംബ് 
സ്​​ഫോടനക്കേസിൽ വിധി ഇന്ന്‌

സ്വന്തം ലേഖകൻUpdated: Tuesday Oct 29, 2024

 

കൊല്ലം
കലക്ടറേറ്റ് വളപ്പിൽ തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകർ നടത്തിയ ബോംബ് സ്ഫോടനക്കേസിൽ ചൊവ്വാഴ്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ്‌ ജി ഗോപകുമാർ വിധി പറയും. മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കരിംഷാ മസ്ജിദിനു സമീപം ഒന്നാം തെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്), കിൽമാര തെരുവിൽ ഷംസുദീൻ (29, കരുവ) എന്നിവരാണ്‌ കേസിലെ പ്രതികൾ. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കി. 44–-ാം സാക്ഷിയായി ഇയാളെ വിസ്‌തരിച്ചു.
2016 ജൂൺ 15നാണ് കലക്ടറേറ്റ് വളപ്പിലെ ജീപ്പിൽ ബോംബ്‌ സ്‌ഫോടനം നടന്നത്‌. ഐഇഡി (ഇംപ്രവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസ്‌) ബോംബ്‌  ടിഫിൻബോക്‌സിൽ കവർ ചെയ്‌ത്‌ കലക്ടറേറ്റ്‌ വളപ്പിൽ കിടന്ന ജീപ്പിൽ വയ്‌ക്കുകയായിരുന്നു. മുനിസിഫ്‌ കോടതിക്കു സമീപം പകൽ 10.45ന്‌ ആയിരുന്നു ബോംബ്‌ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിയത്‌. പ്രതികൾക്കെതിരെ യുഎപിഎ, ക്രിമിനൽ ഗൂഢാലോചന, കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം എന്നീ വകുപ്പുകൾ ചേർത്താണ്‌ കേസെടുത്തത്‌. 2023 എപ്രിൽ 13ന്‌ കുറ്റപത്രം വായിച്ച കേസിൽ 2023 ആഗസ്ത്‌ ഏഴിന്‌ വിചാരണ ആരംഭിച്ചു. നിലവിൽ ഹൈക്കോടതി ജഡ്‌ജിയായ എംപി സ്‌നേഹലതയുടെ മുന്നിലാണ്‌ വിചാരണ ആരംഭിച്ചത്‌. ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരടക്കം 63സാക്ഷികളെ കേസിൽ വിസ്‌തരിച്ചു. 26 തൊണ്ടിമുതലുകളും 110 രേഖകളും ഹാജരാക്കി.
മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സംഘം സ്ഫോടനം നടത്തിയിരുന്നു. നെല്ലൂർ സ്ഫോടനത്തിന്റെ അന്വേഷണത്തിനിടെ നാലു പ്രതികളെയും അറസ്റ്റ് ചെയ്ത് എൻഐഎ നടത്തിയ ചോദ്യംചെയ്യലിലാണ് കൊല്ലം, മലപ്പുറം സ്ഫോടനങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവത്തിന്‌ ഒരാഴ്ചമുമ്പ് കരിംരാജ കൊല്ലത്തെത്തിയിരുന്നു. കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും മൊബൈലിൽ പകർത്തി. ഇതുമായി മധുരയിലെത്തി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി. സ്ഫോടനം നടന്ന ദിവസം തെങ്കാശിയിൽനിന്ന് രാവിലെ കെഎസ്ആർടിസി ബസിലാണ്‌ ബോംബുമായി കൊല്ലത്തെത്തിയത്. പിടിയിലായ ശേഷം ആന്ധ്രയിലെ കടപ്പ ജയിലിലായിരുന്ന പ്രതികളെ പിന്നീട്‌ പൂജപ്പുര സെൻട്രൽ ജയിലിലേക്ക്‌ മാറ്റുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ ആർ സേതുനാഥൻപിള്ളയാണ്‌ ഹാജരാകുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top