കൊല്ലം
അഷ്ടമുടിക്കായലിൽ മീൻ ചത്തുപൊങ്ങിയതിനു പിന്നിൽ ‘ആൽഗൽ ബ്ലൂം’ എന്ന് പ്രാഥമിക നിഗമനം. ഫിഷറീസ് വകുപ്പ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, കേരള യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വിലയിരുത്തൽ. സാമ്പിളുകളുടെ ലാബ് പരിശോധനാ ഫലം ലഭ്യമായാൽ മാത്രമേ കാരണം വ്യക്തമാകു എന്ന് അധികൃതർ പറഞ്ഞു. കക്കൂസ് മാലിന്യം, സൾഫർ എന്നിവയുടെ അംശം പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.
വെള്ളത്തിൽ സ്വാഭാവികമായി വളരുന്ന സൂക്ഷ്മജീവികളായ ആൽഗകൾക്ക് വളരാൻ, കൃഷിയിടങ്ങളിൽനിന്നുള്ള അധിക പോഷകത്തിനു പുറമെ വെള്ളത്തിലെ മാലിന്യവും അനുകൂല സാഹചര്യമാണ് ഒരുക്കുക. ഈ ആൽഗകൾ ജലത്തിലെ ഓക്‌സിജൻ സ്വീകരിച്ച് പെട്ടെന്ന് പെരുകും. അവ പിന്നീട് വിഘടിച്ച് നശിക്കുന്നതിനും ഓക്‌സിജൻ ആവശ്യമാണ്. ഇത്തരത്തിൽ വെള്ളത്തിൽ ഓക്‌സിജന്റെ അളവ് കുറയുകയും അമോണിയയുടെ അംശം വർധിക്കാനുമിടയാക്കും. ഇത് മീനുകളൂടെ കൂട്ടക്കുരുതിക്കു കാരണമാകും. ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നത് വെള്ളത്തിന്റെ നിറവും മണവും രുചിയും മാറുന്നതിനും കാരണമാകും. മീനുകൾ ചത്തുപൊങ്ങിയ പലഭാഗത്തും ഓക്സിജന്റെ അളവ് ഒരുലിറ്ററിൽ 2.5 മില്ലിഗ്രാമിലും താഴെയാണ്.
കുറഞ്ഞത് നാലുമുതൽ അഞ്ചു മില്ലിഗ്രാം ഓക്സിജൻവരെ ഒരു ലിറ്റർ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെങ്കിലേ ആരോഗ്യമുള്ള ഒരു ആവാസവ്യവസ്ഥയ്ക്ക് നിലനിൽപ്പുള്ളൂ. അമോണിയ, നൈട്രൈറ്റ് എന്നിവയുടെ അളവും കൂടുതലാണ്. 0.01മില്ലിഗ്രാം അമോണിയ വേണ്ടിടത്ത് 0.5മില്ലിഗ്രാം വരെയാണ് കണ്ടെത്തിയത്. കനത്തമഴയിൽ കല്ലടയാറ്റിൽനിന്നുള്ള വെള്ളം വൻതോതിൽ കായലിലേക്ക് ഒഴുകിയതിനാൽ ലവണാംശത്തിലും ഏറ്റക്കുറച്ചിലുണ്ടായി. നാല് പിപിടി മുതൽ 10 പിപിടി വരെയാണ് പലയിടത്തും കണ്ടെത്തിയത്. കായലിന്റെ മധ്യഭാഗത്ത് കൂടുതലും തീരത്ത് വളരെ കുറവുമായിരുന്നു. സ്വാഭാവിക ആവാസവ്യവസ്ഥയ്‌ക്ക് 10 പിപിടിയാണ് വേണ്ടത്. ഞുണ്ണയും നെത്തോലിയുമാണ് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ഞുണ്ണയുടെ പ്രജനന സമയം കൂടിയായതിനാലാണ് അവയ്‌ക്ക് നാശം ഏറെയുണ്ടായത്. കരിമീൻ, മുരൽ ഇനങ്ങളിൽപ്പെട്ട മത്സ്യവും ചത്തു. മങ്ങാട്, കണ്ടച്ചിറ ഭാഗത്താണ് ആദ്യമായി മീനുകളെ കൂട്ടമായി ചത്തുപൊങ്ങിയ നിലയിൽ കണ്ടത്. അവിടെനിന്ന് ഒഴുകി ആശ്രാമം ചേപ്പോട്ട്, കടവൂർ കുതിരക്കടവ്, മുട്ടത്ത് മൂല, മതിലിൽ കടവുകളിലേക്ക് വ്യാപിച്ചു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ വർഷവും ആൽഗൽ ബ്ലൂമിനെ തുടർന്ന് തേവള്ളിക്കു സമീപം 3000 കരിമീനുകൾ ചത്തുപൊങ്ങിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..